ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിന് കിരീടം

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലിൽ കീഴടക്കി ആഫ്രിക്കൽ നേഷൻസ് കപ്പിൽ സെനഗൽ മുത്തം. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ പെപേ ഗൂയേ നേടിയ ഗോളിലാണ് സെനഗൽ വൻകരയുടെ കരുത്തന്മാർ തങ്ങളാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടത്.
നാടകീയതകൾ നിറഞ്ഞ ഫൈനലിൽ അവസാന വിസിലിന് തൊട്ടുമുമ്പ് മൊറോക്കോക്ക് ലഭിച്ച പെനൽറ്റി റയൽ മഡ്രിഡ് താരം ബ്രാഹിം ഡയസ് അവിശ്വസനീയമായി പാഴാക്കി. മൊറോക്കോയുടെ അമ്പതു വർഷത്തെ കാത്തിരിപ്പാണ് സ്വന്തം മുറ്റത്ത് കണ്ണീരായി മാറിയത്. കളിയവസാനിക്കാനിരിക്കേ ബ്രാഹിം ഡയസിനെ എൽ ഹാജി മാലിക് ദിയൂഫ് ബോക്സിനുള്ളിൽ വലിച്ചിട്ടതിനായിരുന്നു മൊറോക്കോക്ക് പെനൽറ്റി വിധിച്ചത്.
നീണ്ട വാർ പരിശോധനക്കും സെനഗലിന്റെ കളി ബഹിഷ്കരണ നീക്കത്തിനും ശേഷം 114നാം മിനിറ്റിലായിരുന്നു പെനൽറ്റി അനുവദിച്ചത്. പെനൽറ്റി വിധിച്ചതോടെ സെനൽ കോച്ച് പെപേ തിയാവ് കളിക്കാരോട് ഡ്രസിങ് റൂമിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സാദിയോ മാനേ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇടപെട്ടാണ് പിന്നീട് കളിക്കാരെ കളത്തിലെത്തിച്ചത്. 114ാം മിനിറ്റിൽ ബ്രാഹിം ഡയസ് പെനൽറ്റി എടുക്കുമ്പോൾ ആദ്യ കിരീടമെന്ന സ്വപ്നത്തിലായിരുന്നു മൊറോക്കോ. എന്നാൽ, പനേങ്ക പെനൽറ്റി എടുക്കാൻ ശ്രമിച്ച ബ്രാഹിം ഡയസിന്റെ കിക്ക് സെനൽ ഗോളി എഡ്വേർഡ് മെൻഡി അനായാസം കൈപ്പിടിയിലാക്കി.
എക്സ്ട്രാ ടൈമിൽ ആദ്യ പകുതിയുടെ നാലാം മിനിറ്റിൽ തന്നെ സെനഗൽ ഗോൾ പിറന്നു. പിന്നീട് തിരിച്ചടിക്കാൻ മൊറോക്കോ ആവതു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സെനഗലിന്റെ തുർച്ചയായ രണ്ടാം കിരീടമാണിത്.
