‘ഗുരുതരമായ കുറ്റം’; കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ പ്രതികൾക്ക് ജാമ്യമില്ല
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി.. ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മലിന്റെയും സഹോദരൻ ഷഹദാദിന്റെയും ജാമ്യാപേക്ഷയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പൊതുമുതൽ നശിപ്പിച്ചതിനെ ഗൗരവമായി കാണുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കുമെന്ന് അജ്മലിന്റെ കുടുംബം അറിയിച്ചു.
പ്രതികൾ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. പൊതുമുതൽ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് അജ്മലിന്റെ വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബിൽ അടച്ചതിനെ തുടർന്ന് കണക്ഷൻ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മലും ഷഹസാദും കയ്യേറ്റം ചെയ്തു. തുടർന്ന് അസി.എഞ്ചിനീയർ നൽകിയ പരാതിയിൽ അജ്മലിനെതിരെ പൊലീസ് കേസുമെടുത്തു. ഇത് ചോദ്യം ചെയ്ത് അജ്മലും ഷഹസാദും കെഎസ്ഇബി ഓഫീസിലെത്തി ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. പിന്നാലെ കെഎസ്ഇബി ബോർഡ് ചെയർമാൻ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വീണ്ടും ഉത്തരവിടുകയും ചെയ്തു.
ഇതിനിടെ അജ്മലിന്റെ മാതാവിന്റെ പരാതിയിൽ കെഎസ്ഇബി ജീവനക്കാർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.