ആന്റണി രാജുവിന് തിരിച്ചടി, മത്സരിക്കാനാകില്ല; തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിച്ചില്ല
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. അപ്പീൽ കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിലും മത്സരിക്കാനാകില്ല. അയോഗ്യനായി തുടരും.
ജസ്റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസിൽ വിധി വന്നശേഷം തിരുവനന്തപുരം സെൻട്രൽ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാമെന്ന നിലപാടിലായിരുന്നു സി.പി.എം. കേസിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കോൺഗ്രസും. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
ഇതോടെ തിരുവനന്തപുരം സെൻടൽ സീറ്റിലേക്ക് പുതിയ സ്ഥാനാർഥിയെ കണ്ടത്തേണ്ടിവരും. കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ആസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈകോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
