ലൈംഗികാതിക്രമ പരാതിയില്‍ പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുത്തില്ല; യോഗി ആദിത്യനാഥിന് രക്തംകൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍

വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേഷ് പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയാണ് പൊലീസിന്റെ പിടിയിലായത്. പ്രിന്‍സിപ്പാലിനെ അറസ്റ്റ് ചെയ്യണമെന്ന് കാട്ടി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി.

12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള ചില പെണ്‍കുട്ടികളാണ് പരാതിക്കാര്‍. കുട്ടികളെ ഇയാള്‍ ഓഫിസിലേക്ക് വിളിച്ചുവരുത്തി അനുചിതമായി സ്പര്‍ശിച്ചെന്നാണ് പരാതി. കുട്ടികള്‍ പീഡനവിവരം വീട്ടില്‍ പറയാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് മാതാപിതാക്കളോട് പറയുകയായിരുന്നു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് വീട്ടുകാരോട് കൂടി ചോദിച്ച ശേഷം യോഗി ആദിത്യനാഥിന് കത്തെഴുതിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

 

അതേസമയം പരാതിക്കാരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പാളും പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍ അതിക്രമിച്ച് കടന്നെന്നും തന്നെ മര്‍ദിച്ചെന്നുമാണ് പരാതി. ഈ പരാതിയില്‍ തങ്ങള്‍ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നെന്നും യോഗിയ്‌ക്കെഴുതിയ കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ഈ അധ്യാപകന്‍ ആര്‍എസ്എസില്‍ അംഗമായതിനാലാണ് ഇയാള്‍ക്കെതിരെ നടപടി വൈകുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *