'അഭിനന്ദനങ്ങൾ ജയ് ഷാ ഭായ്'; ഐസിസി ചെയർമാനായി രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജയ് ഷായെ പ്രശംസിച്ച് ഷാരൂഖ് ഖാൻ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജയ് ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. തിങ്കളാഴ്ച (നവംബർ 16) എക്സിലൂടെയാണ് ജയ് ഷായുടെ നേതൃത്വമികവിനെ പ്രശംസിച്ചുകൊണ്ട് ഷാരൂഖ് കുറിപ്പ് പങ്കുവെച്ചത്. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതിനെയും ഷാരൂഖ് സ്വാഗതം ചെയ്തു. ജയ് ഷായെ ‘ഭായ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഷാരൂഖിന്റെ പോസ്റ്റ്.
“രണ്ടാം തവണയും ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ് ഷാ ഭായ്ക്ക് അഭിനന്ദനങ്ങൾ! ലോകക്രിക്കറ്റിനെ നയിക്കുന്നതിലും നാം സ്നേഹിക്കുന്ന ഈ കായികവിനോദത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിലും നിങ്ങളുടെ നേതൃത്വം ഏറെ പ്രശംസനീയമാണ്. 2028-ലെ ഒളിമ്പിക്സ് ക്രിക്കറ്റിനും, പ്രത്യേകിച്ച് അമേരിക്കയിലെ ക്രിക്കറ്റിന്റെ തുടർച്ചയായ വളർച്ചയ്ക്കും ഒരു വലിയ നാഴികക്കല്ലായിരിക്കും. വലിയ ആലിംഗനങ്ങളും… നിങ്ങളുടെ ഭാവി സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു!”
ചരിത്രനേട്ടവുമായി ജയ് ഷായുടെ രണ്ടാം ഊഴം
ഐ.സി.സി ബോർഡ് എതിരില്ലാതെ തിരഞ്ഞെടുത്തതോടെയാണ് ജയ് ഷാ തുടർച്ചയായ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. ന്യൂസിലൻഡിന്റെ ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായി 2024 ഡിസംബർ 1-നായിരുന്നു ജയ് ഷാ ആദ്യമായി ഐ.സി.സി ചെയർമാൻ സ്ഥാനമേറ്റെടുത്തത്. 36-ാം വയസ്സിൽ ഐ.സി.സിയുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതിന് മുൻപ് ബി.സി.സി.ഐ സെക്രട്ടറിയായും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് ഒളിമ്പിക് വേദിയിലേക്ക് തിരിച്ചെത്തുന്ന നിർണായക ഘട്ടത്തിലാണ് ജയ് ഷായുടെ രണ്ടാം ഊഴം വരുന്നത്.
‘കിംഗ്’ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങി ഷാരൂഖ് ഖാൻ
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. ദീപിക പദുക്കോൺ നായികയാകുന്ന ചിത്രത്തിൽ, ഷാരൂഖിന്റെ മകൾ സുഹാന ഖാനും ആദ്യമായി അച്ഛനൊപ്പം സ്ക്രീൻ പങ്കിടുന്നുണ്ട്. നവംബർ 2-ന് തന്റെ 60-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ‘തൂ മിൽ ജായേ’ എന്ന ആദ്യ ഗാനം ഷാരൂഖ് പുറത്തുവിട്ടിരുന്നു. അരിജിത് സിംഗും എഡ് ഷീറനും ചേർന്ന് ആലപിച്ച ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തും.
