ഷഹബാസ് കൊലപാതകം: പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി
കോഴിക്കോട്:താമരശ്ശേരിയിലെ ഷഹബാസ് കൊലപാതക കേസിൽ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.സൈബർ സെല്ലിന്റെ സഹായത്തോടെ ഷഹബാസിന്റെ മൊബൈൽ ഫോൺ പരിശോധന തുടരുകയാണ്. പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഷഹബാസ് കൊലപാതകത്തിൽ പിടിയിലായ വിദ്യാർഥികളുടെ ഫോൺ പരിശോധിച്ചതിലാണ് പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ ഇതിൻ്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ പിതാവിന്‍റേതാണെന്ന രീതിയില്‍ നേരത്തെ വിവരം പുറത്ത് വന്നിരുന്നു.എന്നാല്‍ കരാട്ടെ പരിശീലനം നടത്തുന്ന ഇളയസഹോദരന്‍റേതാണ് നഞ്ചക്ക് എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിന്‍റെ തലയോട്ടി പൊട്ടിച്ചതാണ് മരണത്തിന് കാരണമായത്.ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പിടിയിലായവർ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി. നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. 62 പേരടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് കൊലവിളിയും, ഭീഷണിയും ഉണ്ടായത്.സംഭവത്തില്‍ അന്വേഷണ സംഘം മെറ്റയോടും വിവരങ്ങള്‍ തേടിയിരുന്നു.
രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണ് ഈ പകക്ക് കാരണം. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർത്ഥികളും മുമ്പും പരസ്പരം വെല്ലുവിളിച്ചതായി പൊലീസ് പറഞ്ഞു. നിലവിൽ ആറ് പേരാണ് കേസിൽ പിടിയിലായത് .