ഷാരോൺ വധം: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: കാമുകനായ ഷാരോണിനെ കഷായത്തിൽ വിഷംകൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കേസിലെ മുഖ്യപ്രതി ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത തള്ളിയത്.
കുറ്റകൃത്യം നടന്നു എന്ന് പൊലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാൽ നാഗർകോവിൽ ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്ന് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹൻ എന്നിവർ വാദിച്ചു.
ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയത്കൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യങ്ങളെല്ലാം വിചാരണ കോടതിയിലാണ് പറയേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.