‘ഇതേ പള്ളിയിൽ പിതാവ് ലൗ ജിഹാദും നാർകോട്ടിക് ജിഹാദും പ്രസംഗിച്ചപ്പോൾ പിന്തുണച്ചത് ആർ.എസ്.എസും പി.സി. ജോർജും മാത്രം’ -ഷോൺ ജോർജ്
പാലാ: തനിക്കും പിതാവ് പി.സി. ജോർജിനും എതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. ബിഷപ്പ് പ്രസംഗിച്ച കുറവിലങ്ങാട് പള്ളിയിൽ വെച്ച് മുമ്പ് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോൾ ആകെ പിന്തുണച്ച ബിജെപിയും ആർഎസ്എസും പിസി ജോർജും മാത്രമായിരുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു.
‘നാർകോട്ടിക് ജിഹാദ് പ്രസംഗം നടത്തിയ പിതാവിനെതിരെ ആക്രോശിക്കുകയും രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ഒക്കെ ചെയ്തപ്പോൾ ഇവിടുത്തെ ഇടതുപക്ഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇടപെട്ടില്ല. ഇടതുപക്ഷമാണ് പിതാവിനെതിരെ എട്ട് കേസുകൾ എടുത്തത്. പിതാവിനെ തുറങ്കിൽ അടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇനി ഒരിക്കലും ഈ രണ്ടു മുന്നണിയിൽ നിന്നും ക്രൈസ്തവരായ ആളുകൾക്ക് നീതി കിട്ടില്ല എന്നുള്ള ചിന്ത എൻറെ മനസ്സിലൊക്കെ ഉടലെടുത്തത്. പിതാവിനെതിരെ നടന്ന അക്രമത്തിന്റെ ഫലമായി തന്നെയാണ് ഞാൻ ബിജെപി നിലപാട് സ്വീകരിച്ചത്. പിതാവിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയും അതിന് പിന്തുണ നൽകിയത് ആർഎസ്എസും ആയിരുന്നു. പിന്നെ പിസി ജോർജും ഉണ്ടായിരുന്നു’ -ഷോൺ ജോർജ് പറഞ്ഞു.
‘എപ്പോഴും രഹസ്യമായിട്ടല്ല, പരസ്യമായിട്ട് തന്നെ നിലപാട് സ്വീകരിക്കണം എന്ന് പിതാവ് പറഞ്ഞതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പരസ്യമായിട്ട് നിലപാട് സ്വീകരിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ എന്താണ് കോൺഗ്രസ് നമ്മളോട് ചെയ്തത്, അല്ലെങ്കിൽ സഭയ്ക്ക് വേണ്ടി ചെയ്തത് എന്നുകൂടി നമ്മൾ ഒന്ന് പരിശോധിക്കണം. വഖഫ് ബില്ല് വന്ന സമയത്ത് ബില്ലിനെ എതിർക്കാൻ പാടില്ല, പിന്തുണക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എംപിമാർക്കും കേരള കത്തോലിക്ക സഭ കത്തയച്ചിരുന്നു. എന്നാൽ, അവർ പിന്തുണച്ചില്ല എന്ന് മാത്രമല്ല ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, അതിനെതിരെ ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്.
അതുപോലെയാണ് എഫ്.സി.ആർ.എയുടെ കാര്യവും. ഇപ്പോൾ എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു എഫ്സിആർഎ ഉണ്ടായത്? ഇന്ത്യയിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കൻ പൗരൻ അദ്ദേഹത്തിൻറെ അക്കൗണ്ടുകൾ വഴി മണിപ്പൂർ കലാപത്തിന് പണമെത്തിച്ചു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇത്തരത്തിലുള്ള നീക്കത്തിലേക്ക് പോയത്. ഇത് എൻറെ മാത്രം അറിവാണ്.
അപ്പോൾ സ്വാഭാവികമായും അത്തരം കാര്യങ്ങളിൽ സർക്കാർ ദേശസുരക്ഷയെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുമ്പോൾ ആ തീരുമാനത്തിൽ പോലും സഭയ്ക്ക് ഒരു ആകുലത ഉണ്ട് എന്ന് പറഞ്ഞു. അപ്പോൾ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വലിയ ശ്രമത്തിന്റെ ഫലമായിട്ടാണ് ബിൽ മാറ്റിവെച്ചത്. സഭയുമായി ചർച്ച ചെയ്യാനും സഭയുടെ ആകുലതകൾ കേൾക്കാനും മന്ത്രി കിരൺ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അതിന്റെ ചർച്ചകളുമായി മുന്നോട്ടു വരും’ -ഷോൺ ജോർജ് പറഞ്ഞു.
സഭയെ ഭീഷണിപ്പെടുത്താമെന്ന് ആരും കരുതരുതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു. മതനേതാക്കന്മാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നത് കേൾക്കുന്നുണ്ടെന്നും ഭീഷണി സ്വരം വിലപ്പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ആരായാലും മാന്യമായി സംസാരിക്കണം. ചിലർ മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. ചാനലുകൾക്ക് വേണ്ടി മോശം ഭാഷയിൽ സംസാരിക്കരുത്. എല്ലാം കണ്ടു മിണ്ടാതിരിക്കണമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കില്ല. മിണ്ടാപ്രാണികൾ ആയിരിക്കണം എന്നാ പറയുന്നതിന്റെ അർത്ഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നത് നമ്മുടെ ഈ നാടുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല. ആരാണെങ്കിലും, മതനേതാക്കന്മാർക്ക് നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അത് മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്ക് വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷയും കൈയ്യടിയുംസൃഷ്ടിക്കണം എന്ന കാര്യത്തിനുവേണ്ടി മാത്രം മുമ്പോട്ടു പോകുന്നത് ശരിയല്ല. ഭീഷണിയുടെ സ്വരം വിലപ്പോകില്ല.അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് എന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽ നിന്ന് വളർന്നു വന്നത്. അതെല്ലാം നമുക്ക് സന്തോഷമാണ്. നമുക്ക് തൃപ്തിയാണ്. അവരുവഴി നമുക്ക് നിരവധിയായ അനുഗ്രഹങ്ങൾക്ക് കിട്ടിയിട്ടുണ്ട്. സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെ ആണ് അവർ വളർന്നത്. അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനാണ് അവർ ശ്രമിക്കേണ്ടത്’ -ബിഷപ്പ് പറഞ്ഞു.
