മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചു

തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി വിക്രമനാണ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിനാണ് മേൽനോട്ട ചുമതല.
സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് എസ്.ഐ.ടിയിലുള്ളത് അന്വേഷണ സംഘം 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകണമോ വിജിലൻസിന് കേസ് കൈമാറണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദ ഇടപാടിൽ പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ നിർദേശമുണ്ട്. പ്രാഥമിക വിവര ശേഖരണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിക്കുന്ന റിപ്പോർട്ട് കേസിൽ നിർണായകമാകും.
സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് ചൊവ്വാഴ്ച നിർദേശം നൽകിയിരുന്നു. കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാമെന്നും കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നുമാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
