വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: റിപ്പോർട്ട് തേടി മന്ത്രി, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: ചെങ്കൽ ഗവണ്മെന്റ് യുപി സ്കൂളിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി. അന്വേഷണ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ചെങ്കൽ ജയ നിവാസിൽ നേഘക്കാണ് സ്കൂളിൽ നിന്ന് പാമ്പുകടിയേറ്റത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നേഘ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്കൂളിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ക്ലാസിനുള്ളിൽ കൂട്ടുകാരിയുടെ കൂടെ ഇരിക്കുമ്പോഴായിരുന്നു കാലിൽ കടിയേറ്റത്. നേഘയെ ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാൻ തുടങ്ങിയപ്പോഴാണ് പാമ്പ് വന്നത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.