സ്കൂൾ ശുചിമുറിയിൽ വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു
ചാത്തന്നൂർ: സ്കൂളിലെ ശുചിമുറിയിൽവെച്ച് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു. രണ്ടാം ക്ലാസിൽ പഠിക്കുന്ന മാടശേരിൽ വീട്ടിൽ സുബിന്റെയും ഉമയുടെയും മകൾ ശ്വേതക്കാണ് പാമ്പ് കടിയേറ്റത്.
വ്യാഴാഴ്ച 11.15ഓടെ ഉളിയനാട് സർക്കാർ ഹൈസ്കൂളിലെ ശുചിമുറിയിൽവെച്ച് പാമ്പ് കടിച്ചതായി കുട്ടി അറിയിക്കുകയും തുടർന്ന് സ്കൂൾ അധികൃതർ ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്ര ത്തിലും അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയുമായിരുന്നു.
ശുചിമുറിയിലെ ഭിത്തിയിലുണ്ടായിരുന്ന ദ്വാരത്തിന് മുകളിൽ കൈവെച്ചപ്പോൾ കടിയേറ്റതായാണ് കുട്ടി പറയുന്നത്. അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പിനെ കണ്ടതായും പറയുന്നുണ്ട്. വലത്തേ കൈയിലെ തള്ളവിരലിലാണ് കടിയേറ്റത്.
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് വിദ്യാർഥിനി. വിഷം തീണ്ടിയിട്ടുണ്ടോയെന്നത് വിശദമായ പരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്.