സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹരജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം 18ന് ഹാജരാകാനാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശം. എന്നാൽ, ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും ഹരജി പരിഗണിച്ച തിങ്കളാഴ്ചയും കോടതിയിൽ ഹാജരായിരുന്നില്ല. പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. ഹരജിക്ക് എതിരെയുള്ള ഹൈകോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്.
കത്തിലെ ഗൂഢാലോചന ചൂണ്ടികാട്ടി അഡ്വ. സുധീര്‍ ജേക്കബ് ഫയല്‍ ചെയ്തതാണ് കേസ്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈകോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.
സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി നൽകിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്നാണായിരുന്നു സി.ബി.ഐ കണ്ടെത്തിയത്. 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഇത് ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.