യുവതികൾ എത്തിയപ്പോൾ ശബരിമല നട അടച്ചിടാൻ തന്ത്രിക്ക് നിർദേശം നൽകിയത് താനെന്ന് ശ്രീധരൻപിള്ള
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിർണായകമായ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അന്ന് നടന്ന സമരങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും തന്റെ പുതിയ പുസ്തകത്തിലൂടെയാണ് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവെച്ചത്. ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്.
യുവതികൾ മലകയറാൻ എത്തിയാൽ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ള പറയുന്നു. ഇത് കോടതിയലക്ഷ്യമാകില്ലെന്നും നിയമോപദേശം നൽകിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാൻ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും ഉറപ്പ് നൽകി.
രാഷ്ട്രീയമായ താൽപര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും അതിന്റെ പരിണിത ഫലമാണ് അന്നുണ്ടായ കേസുകളെന്ന് അദ്ദേഹം പറയുന്നു. രഹ്ന ഫാത്തിമ, കവിത എന്നിവരെ പൊലീസ് യൂണിഫോം ധരിപ്പിച്ചു പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സ്റ്റേറ്റ് സ്പോൺസേർഡ് യാത്രയായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിലൂടെ ആരോപിച്ചു.
തന്ത്രിക്കെതിരെയും തനിക്കെതിരെയും നൽകിയ കോടതിലക്ഷ്യ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. സർക്കാരിന്റെ നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പ്രതികാര നടപടിയാണ് ഈ കേസുകളെന്ന് ശ്രീധരൻ പിള്ള പുസ്തകത്തിൽ പറയുന്നു.
