തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നിർവഹിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
പരീക്ഷഫലത്തിന് വ്യാഴാഴ്ച പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷ പാസ് ബോർഡ് യോഗം അംഗീകാരം നൽകി. പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ ഫലം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപിലും വെബ്സൈറ്റുകളിലും ലഭിക്കും. 2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു എസ്.എസ്.എൽ.സി വിജയം.
പരീക്ഷഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും മൊബൈല്‍ ആപ്പും
എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ, ‘സഫലം 2023’മൊബൈല്‍ ആപ്പും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസൽട്ടിനു പുറമെ, സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ല തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസൽട്ട് അനാലിസിസ്’എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെതന്നെ ലഭിക്കും.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Saphalam 2023’എന്നുനല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.നേരത്തേതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തുവെക്കുന്നത് അവസാന നിമിഷ ഡേറ്റ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.