പഴകിയ മാംസം പിടികൂടി; എറണാകുളത്ത് ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി

കൊച്ചി: ഭക്ഷ്യവിഷബാധകൾക്കു പിന്നാലെ എറണാകുളം ജില്ലയിൽ ഹോട്ടലുകളിലടക്കം പരിശോധന തുടരുന്നു. ഇന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. 19 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പഴകിയ മാംസങ്ങളടക്കം പിടികൂടിയിട്ടുണ്ട്.

50 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടന്നത്. ബിരിയാണിയിൽനിന്ന് പഴുതാരയെ കണ്ടെത്തിയ മട്ടാഞ്ചേരിയിലെ കായിയാസ് ഹോട്ടൽ അടച്ചുപൂട്ടി. ഫോർട്ട് കൊച്ചി എ വൺ, മട്ടാഞ്ചേരി സിറ്റി സ്റ്റാർ, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനം ഗുലാൻ തട്ടുകട, നോർത്ത് പറവൂർ മജ്‌ലിസ് എന്നീ ഹോട്ടലുകളും പൂട്ടിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യവും ലൈസൻസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി.

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ 139 ഭക്ഷണസ്ഥാപനങ്ങളാണ് അടച്ചൂപൂട്ടിയത്. ഇതിൽ 75 സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവയാണ്. അതിനിടെ, ഹോട്ടലുകളിൽ നടക്കുന്ന പരിശോധനകൾ പ്രഹസനമല്ലെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് ഐ.എ.എസ് അറിയിച്ചു. നിലവിലെ നിയമങ്ങൾ അപര്യാപ്തമല്ല. എന്നാൽ, തെളിവുശേഖരണം അൽപം പ്രശ്‌നമാണ്. ഇനി പരിശോധനയും ശിക്ഷയും കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *