സംസ്ഥാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൈയ്യടി നേടുന്ന പ്രഖ്യാപനങ്ങള്‍ കെ.എന്‍ ബാലഗോപാലിന്‍റെ അഞ്ചാം ബജറ്റില്‍ ഇടം പിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് നികുതിയേതര ഫീസുകളും കൂട്ടിയേക്കും. സാമ്പത്തിക അവലോകന റിപ്പോർട്ടും ഇന്ന് നിയമസഭയിൽ വെക്കും.
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പതിവ് പ്രായോഗിക വാദത്തില്‍ നിന്നും ഇത്തവണ കെ.എന്‍ ബാലഗോപാല്‍ വഴി മാറി നടന്നേക്കും. ജനക്ഷേമം വിളിച്ചോതുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് സൂചന. കഴിഞ്ഞ നാല് തവണയും ഒരു രൂപ പോലും കൂട്ടാത്തെ ക്ഷേമ പെന്‍ഷന്‍ ഇത്തവണ വര്‍ധിപ്പിക്കും. വയനാട് പുനരധിവാസത്തിന് പുറമേ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വികസന കുതിപ്പിനും ബജറ്റില്‍ കൂടുതല്‍ പണം നീക്കി വെക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിലും ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാവും.
പതിവ് പോലെ പുതുതലമുറ വ്യവസായങ്ങള്‍ക്കായുള്ള നീക്കിയിരിപ്പും കൂട്ടും. ആശ്വാസ കിരണവും കാരുണ്യയുമടക്കമുള്ള ജനക്ഷേമ പദ്ധതികളുടെ വിഹിതം വര്‍ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത്തവണ കാര്യമായ പരിഗണനയുണ്ടാവും. കിഫ്ബിയിലും നിര്‍ണായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചേക്കും. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ ഇഷ്ടമുള്ളവ മാത്രം തിരഞ്ഞെടുത്ത് സഹായം നല്‍കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയേക്കും.