സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പെൻഷൻ വര്‍ധിപ്പിച്ചേക്കും

State Budget Tomorrow; Welfare pension may be increased

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാടിന് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റുകളുടെ പട്ടികയില്‍ പെടുത്താനാവും ധനമന്ത്രിയുടെ ശ്രമം. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും. സിഎംഡിആര്‍എഫിന് പുറമേ ഓരോ പദ്ധതികള്‍ക്കുമായ പ്രത്യേക സഹായങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കില്ല ധനമന്ത്രി. കഴിഞ്ഞ നാല് ബജറ്റുകളിലും ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാത്ത കെ.എന്‍ ബാലഗോപാല്‍ ഇത്തവണ അതിന് പരിഹാരം കണ്ടേക്കും. പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണമായും പാലിക്കില്ലെങ്കിലും 100 മുതല്‍ 200 വരെയുള്ള വര്‍ധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ഇടം പിടിക്കും. പ്രതിമാസം പെന്‍ഷന്‍ കൈപ്പറ്റുമ്പോള്‍ തന്നെ മസ്റ്ററിങ് ഉറപ്പാക്കുന്നതും ഉണ്ടാവും. അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി , ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും ഏര്‍പ്പെടുത്തിയേക്കും. പുതുതലമുറ വ്യവസായങ്ങള്‍ക്കായുള്ള പ്രഖ്യാപനങ്ങളും ഇടം പിടിക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടിയേക്കും. ആശ്വാസകിരണമടക്കമുള്ള ക്ഷേമ പദ്ധതികളുടെ നീക്കിവെപ്പും വര്‍ധിപ്പിക്കാനാണ് സാധ്യത .വിഴിഞ്ഞത്തിനും വയനാടിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെയും ചെറിയ രീതിയിലെങ്കിലും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *