39 ഇനങ്ങള്‍, 24000ഓളം കായിക താരങ്ങള്‍; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം
കൊച്ചി: 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വി. ശിവൻകുട്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതൽ 17 വേദികളിലായി മത്സരങ്ങൾ ആരംഭിക്കും.
39 ഇനങ്ങളിലായി 24000ഓളം കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. 3500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മാർച്ച് പാസ്‌റ്റോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. മന്ത്രി പി. രാജീവ്, ഒളിമ്പ്യൻ പി.ആർ ശ്രീജേഷ്, നടൻ മമ്മൂട്ടി എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. 14 ജില്ലാ ടീമുകൾക്ക് പുറമെ യുഎഇയിൽ നിന്നും 53 ഓളം വിദ്യാർഥികളും മേളയുടെ ഭാഗമാകും.
വിദ്യാർഥികൾക്ക് ഭക്ഷണവും താമസവും ഗതാഗതവുമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണ്.