‘രാത്രി തങ്ങിയത് വീട്ടില്‍, ഇന്ന് രാവിലെയാണ് കാറില്‍ കയറിയത്’: അബിഗേല്‍ നാട്ടുകാരോട് പറഞ്ഞത്

കൊല്ലം: ഇന്നലെ രാത്രി ഒരു വീട്ടിലാണ് തങ്ങിയതെന്ന് അബിഗേലിന്റെ മൊഴി. ആശ്രമം മൈതാനത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തിയ നാട്ടുകാരനോടാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്. ഇന്ന് രാവിലെയാണ് കാറിൽ കയറിയതെന്നും കുട്ടി പറഞ്ഞതായി ദൃക്‌സാക്ഷി പറഞ്ഞു. ഒരു സ്ത്രീ കുട്ടിയെ അവിടെ കൊണ്ടുവന്നിറക്കി പോകുന്നതാണ് കണ്ടത്. ഒറ്റക്കിരുന്ന കുഞ്ഞിനെ കണ്ട് നാട്ടുകാർ കാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് ഓയൂരിൽ നിന്നും കാണാതയ കുട്ടിയാണെന്ന വിവരം ലഭിച്ചത്.

Also Read: ‘പത്ത് മണിക്ക് പൈസ ശരിയാക്കി വയ്ക്കണം’; അബിഗേലിനായി നാട്, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു

ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കൊല്ലം ഓയൂരില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് നാട്ടുകാർ തന്നെയാണ് വെള്ളവും ബിസ്‌കറ്റും വാങ്ങി നൽകിയത്. ഉടനെ പൊലീസ് എത്തുകയും കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആർ ക്യാമ്പിലും എത്തിക്കുകകയായിരുന്നു.

സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളർ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത് വാടക കാർ ആണെന്നാണ് പൊലീസിന്റെ നിഗമനം.

 

ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് സംഭവമുണ്ടാകുന്നത്. സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. സംഘമെത്തിയ വെള്ള കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരത്തുണ്ടെന്നാണ് കുട്ടിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *