കുരുതിക്കളമായി സുഡാൻ; മൂന്ന് ദിവസത്തിനിടെ അൽ ഫാഷിർ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത് 1500 പേർ

Sudan becomes a killing field; 1500 people killed in Al Fashir city alone in three days

 

ഖാർതൂം: ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽ നടക്കുന്നത് കൂട്ടക്കൊല. അൽ ഫാഷിർ നഗരത്തിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1500ൽ കൂടുതൽ ആളുകളാണ്. സുഡാൻ ആംഡ് ഫോഴ്‌സിൽ നിന്ന് അൽ ഫാഷിർ നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് നഗരം കുരുതിക്കളമായത്. 33,000 ആളുകളാണ് ഇവിടെ നിന്ന് മരുഭൂമിയിലേക്ക് പലായനം ചെയ്തത്.

മരുഭൂമിയിലൂടെ കിലോമീറ്ററുകളോളം നടന്നാണ് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവർ അൽപ്പമെങ്കിലും താമസയോഗ്യമായ സ്ഥലത്തെത്തുന്നത്. ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ വംശഹത്യയാണ് ഇപ്പോൾ സുഡാനിൽ നടന്നുകൊണ്ടിരിക്കുന്നത്. അൽ ഫാഷിറിൽ ആയിരക്കണക്കിന് ആളുകളെ വരിനിർത്തി വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അറബ് ഇതര ഗോത്രക്കാരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതാണ് സുഡാനിൽ കാണുന്നത്.

 

സുഡാൻ ഇപ്പോൾ എസ്എഎഫ് നിയന്ത്രിക്കുന്ന കിഴക്കും വിമത സേനയായ ആർഎസ്എഫ് നിയന്ത്രിക്കുന്ന പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. രണ്ട് വർഷത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഒക്ടോബർ 26നാണ് അൽ ഫാഷർ നഗരത്തിന്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തത്. സഹായമെത്തുന്ന എല്ലാ വഴികളും അടച്ചാണ് ഇവിടെ കൂട്ടക്കൊല നടക്കുന്നത്. 2023ൽ തുടങ്ങിയ ആഭ്യന്തര യുദ്ധത്തിൽ 40,000 ആളുകൾ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് യുഎൻ കണക്ക്.

സുഡാനിലെ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും ക്രൂരമായ മൗനം തുടരുകയാണ്. സ്വർണഖനികൾ നിറഞ്ഞ രാജ്യത്ത് എല്ലാവർക്കും സ്വന്തം താത്പര്യങ്ങളുണ്ട് എന്നതാണ് നിസ്സംഗതക്ക് കാരണം. ഡർഫൻ, സമീപപ്രദേശമായ കോർദോഫാൻ എന്നീ പ്രദേശങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാനമായ ഖാർത്തൂം, മധ്യ- കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *