കോവിഡ് 19 ബാധിച്ച യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾ; കാരണം വ്യക്തമല്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ് ബാധിച്ച ചില യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. എന്നാൽ, ഈ മരണങ്ങളുടെ കാരണം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമ​ന്ത്രി പാർലമെന്റിനെ അറിയിച്ചു.

ബി.ജെ.പി എം.പിമാരായ രവീന്ദ്ര കുഷ്വാഹ, ഖാഗെൻ മുർമ്മു എന്നിവരുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി മറുപടി നൽകിയത്. കോവിഡിന് ശേഷം ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചോ എന്നായിരുന്നു എം.പിമാരുടെ ചോദ്യം. ഇതിന് മറുപടിയായി കോവിഡിന് ശേഷം യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഇതിന്റെ കാരണം വ്യക്തമല്ലെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.

കോവിഡിന് ശേഷമുള്ള ഹൃദയാഘാത മരണങ്ങൾ സംബന്ധിച്ച് ഐ.സി.എം.ആർ മൂന്ന് പഠനങ്ങൾ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 18 മുതൽ 45 വയസ് പ്രായമുള്ളവർക്കിടയിലെ പെട്ടെന്നുള്ള മരണം സംബന്ധിച്ചാണ് ഒന്നാമത്തെ പഠനം. 40ഓളം ആശുപത്രികളിലും റിസർച്ച് സെന്ററുകളിലുമാണ് പഠനം പുരോഗമിക്കുന്നത്.

രണ്ടാമത്തെ പഠനം കോവിഡ് 19 വാക്സിൻ രക്തകുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് രണ്ടാമത്തെ പഠനം. 30ഓളം കോവിഡ് 19 ക്ലിനിക്കൽ ആശുപത്രികളിലാണ് പഠനം പുരോഗമിക്കുന്നത്. യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് മൂന്നാമത്തെ പഠനം. കോവിഡിനെ അതിജീവിച്ചവരിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *