‘മൂസ ഭായ്, നിങ്ങൾക്ക് അഭിമാനിക്കാം’; പാകിസ്താനെ വീഴ്ത്തിയ ഇന്ത്യൻ ടീമിന് ഛേത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ വീഴ്ത്തി കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുൻ നായകൻ സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്ബാളിന്റെ ആരാധകനെന്ന നിലയിൽ തനിക്ക് ഏറെ ആവശ്യമായിരുന്ന വിജയമാണിതെന്ന് ഛേത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പരിശീലകൻ നൗഷാദ് മൂസയെയും താരങ്ങളെയും പ്രശംസിച്ചായിരുന്നു മുൻ നായകന്റെ പ്രതികരണം.
‘എന്നിലെ ആരാധകന് ഈ വിജയം ആവശ്യമായിരുന്നു. നന്നായി ചെയ്തു മൂസ ഭായ്, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങൾ നേടിയ നേട്ടത്തിൽ എല്ലാവർക്കും അഭിമാനിക്കാം’ -ഛേത്രി കുറിച്ചു.
ചൊവ്വാഴ്ച ബംഗ്ലാദേശിലെ ധാക്ക നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തുകയായിരുന്നു. 88ാം മിനിറ്റിൽ പ്രതിരോധതാരം സന്ദീപ് മാണ്ഡി നേടിയ ഹെഡർ ഗോളാണ് ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത്.
ജയത്തോടെ സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിരീടനേട്ടം പത്തായി ഉയർന്നു. തുടർച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ചരിത്രനേട്ടവും നൗഷാദ് മൂസയും സംഘവും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പാകിസ്താനായിരുന്നു മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യൻ പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കിയ പാകിസ്താൻ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലീഡെടുത്തു. ആലംഗീർ ഗാസിയാണ് 45+1ാം മിനിറ്റിൽ ഗോൾ നേടിയത്. ഇന്ത്യൻ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിന്റെ മികവാണ് ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽനിന്ന് ടീമിനെ രക്ഷിച്ചത്.
ഇടവേളക്കുശേഷം പരിശീലകൻ നൗഷാദ് മൂസ നടത്തിയ മാറ്റങ്ങൾ ഇന്ത്യയുടെ കളിയിൽ പ്രതിഫലിച്ചു. മംഗ്ലെൻതാങ് കിപ്ഗെന് പകരം ഇറങ്ങിയ മക്കാർട്ടൺ നിക്സൺ ആക്രമണങ്ങൾക്ക് വേഗം കൂട്ടി. 51ാം മിനിറ്റിൽ വിഷ്ണു പി.വി തൊടുത്ത ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
59ാം മിനിറ്റിൽ മത്സരത്തിന്റെ ഗതി മാറി. ഇന്ത്യൻ താരം ബ്രിസൺ ഫെർണാണ്ടസിനെ അപകടകരമായി ഫൗൾ ചെയ്ത പാകിസ്താന്റെ ജുനൈദ് ഷായെ വാർ പരിശോധനക്കുശേഷം റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കി. ഇതോടെ പത്തുപേരായി ചുരുങ്ങിയ പാകിസ്താനെതിരെ ഇന്ത്യ ആക്രമണം ശക്തമാക്കി.
തൊട്ടടുത്ത മിനിറ്റിൽതന്നെ സുഹൈൽ അഹമ്മദ് ഭട്ടിലൂടെ ഇന്ത്യ സമനില പിടിച്ചു. വലതുവിങ്ങിൽനിന്നെത്തിയ പന്ത് മക്കാർട്ടൺ നിക്സൺ കൃത്യമായി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും അവസരം മുതലെടുത്ത സുഹൈൽ പന്ത് വലയിലെത്തിക്കുകയായിരുന്നു.
സമനിലക്കുശേഷവും ഇന്ത്യ വിജയഗോളിനായി പൊരുതി. മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് നിർണായക ഗോൾ പിറന്നത്. 88ാം മിനിറ്റിൽ അബ്ദുൽ റബീഹ് എടുത്ത കോർണറിന് തലവെച്ച സന്ദീപ് മാണ്ഡി പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ യൂസുഫ് ബട്ടിന് അവസരം നൽകാതെയായിരുന്നു മാണ്ഡിയുടെ ഹെഡർ.
ആദ്യമായി സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ പാകിസ്താൻ മികച്ച പോരാട്ടം നടത്തിയെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. 2023ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഛേത്രി അന്ന് ടൂർണമെന്റിലെ മികച്ച താരത്തിനും മികച്ച ഗോൾവേട്ടക്കാരനുമുള്ള പുരസ്കാരങ്ങൾ നേടിയിരുന്നു.
