ഒന്നിലധികം വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി; ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന് പിഴ ചുമത്തി സുപ്രിംകോടതി

Waqf

 

ന്യൂഡൽഹി: ഒന്നിലധികം വോട്ടുള്ള സ്ഥാനാർഥികൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പിഴ ചുമത്തി സുപ്രിംകോടതി. കേസിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കമ്മീഷൻ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി തള്ളിയ കോടതി രണ്ട് ലക്ഷം രൂപ പിഴയുമിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. നിയമവ്യവസ്ഥക്ക് വിരുദ്ധമായി നിങ്ങൾക്ക് എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്ന് ജസ്റ്റിസ് നാഥ് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകനോട് ചോദിച്ചു.

2016ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് നിയമത്തിലെ സെക്ഷൻ 9(6), 9(7) വ്യവസ്ഥകളുടെ ലംഘനമാണ് നിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് ശരിയാണെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

പഞ്ചായത്തിരാജ് നിയമം മറികടന്ന് ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിച്ചതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ഗുർദീപ് സിങ് സപ്പൽ പറഞ്ഞു. 2025 ജനുവരിയിൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഗ്രാമീണ മേഖലയിലെ തങ്ങളുടെ വോട്ടർമാരുടെ പേരുകൾ നഗരസഭാ വോട്ടർപട്ടികയിൽ ചേർത്തു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഈ വോട്ടർമാരെ വീണ്ടും ഗ്രാമീണ മേഖലയിലെ വോട്ടർപട്ടികയിലേക്ക് മാറ്റി. കാരണം മേയ്-ജൂൺ മാസങ്ങളിലായിരുന്നു ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.

ഒരു സ്ഥലത്തെ വോട്ടർ പട്ടകയിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പേര് മാറ്റാൻ കുറഞ്ഞത് ആറുമാസത്തെ ഇടവേളയെങ്കിലും വേണം. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് കമ്മീഷന് പരാതി നൽകി. അതുകൊണ്ട് ഗ്രാമീണ മേഖലയിലേക്ക് വോട്ടർമാരുടെ പേര് മാറ്റാനുള്ള ബിജെപി നീക്കം വിജയിച്ചില്ല. ഇത് മറികടക്കാൻ ഇവർ ഗ്രാമീണ മേഖലയിൽ പുതുതായി വോട്ട് ചേർക്കുകയായിരുന്നു. അങ്ങനെയാണ് നിരവധിപേർക്ക് ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ടുണ്ടായത്. ഇവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഒന്നിലധികം വോട്ടുള്ളവർക്കും മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതെന്നും ഗുർദീപ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *