സ്വവർഗാനുരാഗികളേയും ട്രാൻസ്‌ജെൻഡറുകളേയും രക്തദാനത്തിൽ നിന്ന് വിലക്കിയതിൽ കേന്ദ്രത്തോട് സുപ്രിംകോടതി വിശദീകരണം തേടി
ഡൽഹി: സ്വവർഗാനുരാഗികളായ പുരുഷന്മാർ, ട്രാൻസ്‌ജെൻഡറുകൾ, ലൈംഗികതൊഴിലാളികൾ തുടങ്ങിയവരെ രക്തദാനത്തിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ പ്രതികരണം തേടി കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ്റെയും, നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലിൻ്റേയും മാർഗ്ഗനിർദ്ദേശങ്ങൾ ട്രാൻസ്‌ജെൻഡർ വ്യക്തികൾ, സ്ത്രീ ലൈംഗികതൊഴിലാളികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാർ എന്നിവരെ രക്തദാനം ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു.blood
രക്തദാതാക്കാളെ തിരഞ്ഞെടുക്കന്നതിനും റഫറൽ ചെയ്യുന്നതിനുമുള്ള മാർഗനിർദേശങ്ങൾ 2017ലാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഈ മാർഗനിർദേശങ്ങളിൽ ട്രാൻസ് വ്യക്തികൾ, ലൈഗികതൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ എന്നിവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം വിഭാഗക്കാരിൽനിന്ന് ലൈഗികസംബന്ധമായ രോഗങ്ങൾ പടരാനുള്ള സാധ്യതയാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്ന് വാദിച്ച ഹരജിക്കാരൻ ഹെമറ്റോളജി ഉൾപ്പെടെയുള്ള രോഗനിർണയ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
1980കളിൽ അമേരിക്കയിൽ നിന്നുള്ള കാലഹരണപ്പെട്ട കാഴ്ച്ചപ്പാടുകളാണ് മാർഗനിർദേശങ്ങളിലുള്ളതെന്ന് ഹരജിക്കാരനായ ഇബാദ് മുഷ്താഖ് വാദിച്ചു. ഇതേ മാർഗനിർദേശങ്ങൾ അവലംബിച്ചിരുന്ന യു.കെ, ഇസ്രായേൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ അവരുടെ നയങ്ങളിൽ പിന്നീട് മാറ്റം വരുത്തിയിതായും ഹരജിക്കാരൻ വ്യക്തമാക്കി. രക്തദാനത്തിൽ നിന്ന് ഇത്തരം വിഭാഗത്തിലുള്ളവരെ വിലക്കിയത് ഏകപക്ഷീയവും യുക്തിരഹിതവും വിവേചനപരവുമാണെന്നും ഹരജിക്കാരൻ പറഞ്ഞു.
2017ലെ മാർഗനിർദേശത്തെ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി ചോദ്യം ചെയ്തപ്പോൾ രക്തദാനത്തിൽ നിന്ന് വിലക്കിയവർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് തെളിയിക്കാൻ ഗണ്യമായ തെളിവുകളുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനോടും നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലിനോടും പ്രതികരണം തേടിയിട്ടുണ്ട്.