‘സുരേഷ്‌ഗോപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു’; ഗുരുതര ആരോപണവുമായി ഡിസിസി പ്രസിഡന്റ്
തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശ്ശൂരിൽ താമസിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ വോട്ട് ചേർത്തതെന്നും തൃശ്ശൂർ ഡിസിസി പ്രസിഡൻറ് അഡ്വ. ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ഥാനാർഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നുള്ളതാണ് തെളിവുകൾ ശരിവക്കുന്നത്.
വീട്ടിൽ താമസമില്ലാത്ത രീതിയിൽ വോട്ട് ചേർക്കുകയാണ് ചെയ്തത്. തൃശ്ശൂരിൽ ബിജെപി പുതിയ വോട്ടുകൾ ചേർത്തത് അവസാന സമയത്തായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടർപട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ ആളുകളെ കുറിച്ച് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അവിടെ ഇപ്പോൾ ആരും തന്നെ താമസമില്ല എന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിലെ പുറത്തുള്ള ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തു എന്നത് വസ്തുതയാണ്. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ടാജറ്റ് ആരോപിക്കുന്നു.