മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വീഴ്ച: കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്



തിരുവനന്തപുരം: ആലപ്പുഴ സ്വദേശിനി ഉഷയുടെ വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഇക്കാര്യം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിദഗ്ധ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് അനുസരിച്ചുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി തിമാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ല.

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉഷയുടെ മകനുമായി സംസാരിച്ചിരുന്നു. ശസ്ത്രക്രിക്ക് മുന്‍പും ശേഷവും ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു എന്ന് അറിയിച്ചിട്ടുണ്ട്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് വാങ്ങുന്നവര്‍ വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നു എന്നതിന്റെ തെളിവാണിത്. ഇക്കാര്യവും പരിശോധിച്ച് നടപടി സ്വീകരിക്കും.

വീട്ടമ്മയുടെ ഒ.പി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു. 2021 മെയ് 10നാണ് അവരെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പന്ത്രണ്ടിന് ശസ്ത്രക്രിയ നടത്തി. മൂന്നര കിലോ ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. പതിനഞ്ചിന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് 23 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ ഒരു സര്‍ജറി നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.