ആക്രമണത്തിന് വഴിയൊരുക്കി, ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതിയുമായി അതിജീവിത



തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അതിജീവിത പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്.

നേരത്തെ അതിജീവിതയെ അവഹേളിച്ച കേസിൽ അറസ്റ്റിലായി 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നത്.

ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ നേർക്ക് സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പുതിയ പരാതി. അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുള്‍പ്പെടെ ആയിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ അവഹേളിക്കുന്ന രീതിയിൽ പ്രതികരണം നടത്തിയിരുന്നു.

യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് യഥാര്‍ഥ ഇര എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ് ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചിരുന്നു. പോസ്റ്റില്‍ അതിജീവിതയെ വ്യാജ പരാതിക്കാരി എന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ഇതുകൂടാതെ അധിക്ഷേപിക്കുന്ന രീതിയിൽ മറ്റ് പരാമർശങ്ങളും നടത്തി.

രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. അതിജീവിത നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനാന് കൈമാറി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.