സ്റ്റേജിൽ ജയ് ശ്രീരാം വിളിച്ച വിദ്യാർഥിയെ ഇറക്കിവിട്ട അധ്യാപികമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: സ്റ്റേജിൽ കയറി ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച വിദ്യാർഥിയെ ഇറക്കിവിട്ട അധ്യാപികമാർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശർമ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.

വെള്ളിയാഴ്ച കോളജിലെ പ്രവേശന ചടങ്ങിനിടെയാണ് വിദ്യാർഥി സ്റ്റേജിലെത്തി മുദ്രാവാക്യം വിളിച്ചത്. അധ്യാപികമാർ വിദ്യാർഥിയോട് സ്‌റ്റേജിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചത്.

തുടർന്ന് അധ്യാപികമാരുടെ പെരുമാറ്റം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് ഡയറക്ടർ സഞ്ജയ് കുമാർ ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. അധ്യാപികമാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും കോളജ് ഡയരക്ടർ വ്യക്തമാക്കി. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കാമ്പസിന് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *