ചേട്ടൻ പൊളി! ഫൈനലിലും സഞ്ജുവിന് അർധ സെഞ്ച്വറി (46 പന്തിൽ 89); ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഓപ്പണർ അഭിഷേക് ശർമക്കു പിന്നാലെ മറ്റൊരു ഓപ്പണറായ സഞ്ജു സാംസണിനും അർധ സെഞ്ച്വറി. 33 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്.

ടൂർണമെന്‍റിൽ താരത്തിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണിത്. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുമടക്കം 89 റൺസെടുത്ത് താരം പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ആറു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

ടോസ് നേടിയ ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.

മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു

ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായാണ് കീവീസ് കളത്തിലിറങ്ങിയത്. കോൾ മകോൻകീയ്ക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി.കിരീടം നിലിർത്തുന്നതിനൊപ്പം മൂന്നാം ട്വന്‍റി20 ലോകകപ്പ് കിരീടം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ 2 കിരീടങ്ങളുമായി വിൻഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. ഇന്നുവരെ ഒരു ചാമ്പ്യൻ ടീമിനും ട്വന്റി20 ലോകകപ്പ് നിലനിർത്താനായിട്ടില്ല.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, ടിം സീഫെർട്ട്, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാറ്റ് ഹെൻട്രി, ലോക്കി ഫോർഗൂസൺ, ജേക്കബ് ഡഫി, ഡെവൺ കോൺവേ