യുവതീ പ്രവേശനത്തെ എതിർത്തതിലുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് തന്ത്രി കണ്ഠരര് രാജീവര്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് രംഗത്ത്. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചെന്നും അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നുവെന്നും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്. ജാമ്യഹര്‍ജിയുടെ വാദത്തിനിടെയായിരുന്നു രാജീവര് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
സര്‍ക്കാരിന്റെ ഒത്താശയനുസരിച്ച് അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ ഇതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും തന്നോട് ദ്വേഷ്യമുണ്ടെന്നും ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നതായും രാജീവര് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കുണ്ടെന്ന വാദം മെനഞ്ഞത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും താന്‍ എതിര്‍ത്തു. ഉണ്ണികൃഷ്ണന് പോറ്റിക്ക് തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കാണ്. ഇതു മറക്കുന്നതിന് വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും തന്റെ പേരില്ല. എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസ് മൂന്ന് മാസം പിന്നിടുമ്പോഴും താൻ പ്രതിയുമായിരുന്നില്ല, എവിടെയും പേരുമില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ താന്‍ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.
എസ്.ഐ.ടിക്കെതിരെയും രാജീവര് ആരോപണങ്ങൾ ഉന്നയിച്ചു. ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന് ശബരിമലയില്‍ ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയില്‍ വരാന്‍ ഇത്തരം ബന്ധങ്ങൾ ഉണ്ടായിരിക്കെ ഈ വിവരങ്ങളെല്ലാം എസ്.ഐ.ടി മനപ്പൂർവം ഒളിപ്പിക്കുകയായിരുന്നു. താന്‍ വഴിയാണ് ഉണ്ണികൃഷ്ണന് പോറ്റി ശബരിമലയില്‍ എത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം എസ്.ഐ.ടി ചെയ്തതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ ആരോപിക്കുന്നു.
