താനൂര്‍ ബോട്ടപകടം; മരണം 21 ആയി

താനൂർ: താനൂര്‍ തൂവൽതീരത്ത് പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 21 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. ‘മലപ്പുറത്ത് നടന്ന ബോട്ടപകടത്തിലുണ്ടായ ആളപായത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപവീതം ധനസഹായം നൽകും-പ്രധാനമന്ത്രി അറിയിച്ചു.

അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.

One thought on “താനൂര്‍ ബോട്ടപകടം; മരണം 21 ആയി

Leave a Reply

Your email address will not be published. Required fields are marked *