‘നിങ്ങൾക്ക് തൊലി ഉരിയുന്നതുപോലെ തോന്നുന്നുണ്ടോ?’ -ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് ‘ഇളവ’നുവദിച്ചതിനെതിരെ താര ടോജോ അലക്സ്
കൊച്ചി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസം ‘അനുവദിച്ച’ അമേരിക്കൻ നടപടി ഇന്ത്യയുടെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും പരിഹസിക്കുന്നതാണെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താര ടോജോ അലക്സ്. രാജ്യത്തിന്റെ ആത്മാഭിമാനം തകർത്ത ഇരുണ്ട ഭരണമായി മോദി സർക്കാറിനെ ചരിത്രം രേഖപ്പെടുത്തുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
‘ഇന്ത്യക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ 30 ദിവസം സമയം അനുവദിക്കുന്നു’ എന്ന് കേൾക്കുമ്പോൾ, നിങ്ങൾക്ക് തൊലി ഉരിയുന്നതുപോലെ തോന്നുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ഒരു സ്വതന്ത്ര രാജ്യത്തിന്റെ പൗരനല്ല. അടിമത്തം അമൃതായി കാണാൻ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ മൗനസാക്ഷിയാണ്. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ പണയപ്പെടുത്തി നേടിയ സ്വാതന്ത്ര്യം ഇതിന് വേണ്ടിയാണോ? മഹത്തായ ചരിത്രവും സംസ്കാരവും ഉള്ള നമ്മുടെ രാജ്യത്തിന് ഇന്ന് സ്വന്തം ഊർജ്ജ ആവശ്യങ്ങൾ പോലും മറ്റൊരാളുടെ അനുമതിയോടെ നിറവേറ്റേണ്ടി വരുന്നത് അത്യന്തം ലജ്ജാകരമാണ്’ -താര അഭിപ്രായപ്പെട്ടു.
ഡോണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിയെ തുടർന്നാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറച്ചത്. ഇതിനാണ് ഇപ്പോൾ വലിയ ഔദാര്യമെന്ന നിലയിൽ യു.എസ് ഇളവനുവദിച്ചത്. അതുതന്നെ ഏപ്രിൽ മൂന്നു വരെയാണ് ഈ ‘ഇളവ്’. അതും കടലിൽ കുടുങ്ങിയ റഷ്യൻ കപ്പലുകളിൽനിന്ന് മാത്രമേ എണ്ണ വാങ്ങാവൂ എന്ന നിബന്ധനയും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. വിവിധ ഉപരോധങ്ങളാൽ കടലിൽ തടഞ്ഞുവെച്ച റഷ്യൻ കപ്പലുകളിൽനിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്. “പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉൽപാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാറിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ’ -സ്കോട്ട് ബെസ്സന്‍റ് എക്സിൽ കുറിച്ചു.
ഒരു സ്വതന്ത്ര രാഷ്ട്രമായ ഇന്ത്യയുടെ ആത്മാഭിമാനം എവിടെയാണെന്ന് താര ടോജോ അലക്സ് ചോദിച്ചു. ഇന്ത്യ പോലൊരു രാജ്യത്തിന്, ആരുടേയെങ്കിലും “അനുവാദം” ആവശ്യമില്ല. അതിന്റെ നയം നിർണ്ണയിക്കുന്നത് ഡൽഹിയാണ്. വാഷിങ്ടൺ അല്ല -അവർ ഓർമിപ്പിച്ചു. ‘അമേരിക്കൻ ഏഴാം കപ്പൽ പട ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തി ഭീഷണിപ്പെടുത്തിയപ്പോഴും, തലകുനിക്കാതെ അവരെ മുട്ടുന്മേൽ നിർത്തി വിറപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിച്ച ഇന്ദിരാഗാന്ധി ഭരിച്ച രാജ്യമാണ്… ആണവകരാർ ചർച്ചകളിൽ ഇന്ത്യയുടെ താൽപര്യം മുൻപിൽ വച്ച് ലോകശക്തികളോട് തുല്യ നിലയിൽ സംസാരിക്കാൻ ഇന്ത്യയ്ക്ക് കഴിയും എന്ന് തെളിയിച്ച മൻമോഹൻ സിങ് ഭരിച്ച രാജ്യമാണ്… അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ ആത്മവിശ്വാസത്തോടെ പ്രതിനിധീകരിച്ച്, ഒരു സ്വതന്ത്ര ശക്തിയായി രാജ്യത്തിന്റെ ശബ്ദം ഉയർത്തിയ രാജീവ് ഗാന്ധി ഭരിച്ച രാജ്യമാണ്… ഒരു രാഷ്ട്രത്തിന്റെ മഹത്വം, “മേരെ പ്യാരെ ദേശ് വാസിയോം” എന്ന് തൊണ്ട കീറുമാറ് വിളിച്ചുകൂവുന്ന പ്രസംഗങ്ങളിൽ ഒതുങ്ങുന്നതല്ല, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ധൈര്യത്തിലാണ്. ആ ധൈര്യം നഷ്ടപ്പെട്ടാൽ, എത്ര വലിയ രാജ്യമായാലും അതിന്റെ ആത്മാവ് ശൂന്യമായിത്തീരും.
ഒരു രാജ്യത്തിന്റെ ഊർജ്ജ നയം, വ്യാപാരബന്ധങ്ങൾ, അന്താരാഷ്ട്ര ഇടപാടുകൾ — ഇതെല്ലാം അതിന്റെ ദേശീയ താൽപര്യങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കപ്പെടേണ്ടത്. പക്ഷേ ഇന്ന് അവസ്ഥ എന്താണ്??!! ഇന്ത്യക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ “അനുവാദം” അമേരിക്ക നൽകുന്നു.
ഇത് ഒരു നയതന്ത്ര ബന്ധമല്ല. മറിച്ച് ഒരു രാജ്യത്തിന്റെ സ്വാഭിമാനത്തെ അവഹേളിക്കുന്ന സമീപനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന അഭിമാനം ആവർത്തിച്ച് പറയുന്ന ഇന്ത്യ, ഇന്ന് ഒരു പരമാധികാര രാഷ്ട്രമായി തീരുമാനങ്ങൾ എടുക്കാതെ, മറ്റൊരു രാജ്യത്തിന്റെ അനുമതി കാത്തിരിക്കുന്ന അധീന രാഷ്ട്രമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ലോകശക്തിയാക്കുമെന്ന് വീമ്പു പറഞ്ഞു നടക്കുന്ന നരേന്ദ്രമോദിയുടെ ഭരണകാലത്ത്, രാജ്യത്തിന്റെ വിദേശനയത്തിന്റെ യഥാർത്ഥ രൂപം ഇതാണ്.
ഒരു സ്വതന്ത്ര രാഷ്ട്രം മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ തീരുമാനവും സമയപരിധിയും കാത്ത് വ്യാപാരം നടത്തേണ്ട അവസ്ഥയിലാണെങ്കിൽ, അത് വിദേശനയമല്ല, മറിച്ച് ദേശീയ പരാജയമാണ്. രാജ്യത്തിന്റെ സ്വാഭിമാനം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല. അത് ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിലും പ്രതിഫലിക്കേണ്ട ഒരു മൂല്യമാണ്. എന്നാൽ ഇന്ന് കാണുന്നത് അതിന്റെ വിരുദ്ധമാണ്. ശക്തരായ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കു മുന്നിൽ നിശബ്ദമായി വഴങ്ങുന്നത് ഭീരുക്കളാണ്.
ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ കഴിയാത്ത ഭരണകൂടം എത്ര നാടകം കളിച്ചാലും, ചരിത്രം അതിനെ ചോദ്യം ചെയ്ത് വിചാരണ ചെയ്യും. ഒരു രാജ്യത്തിന്റെ ആത്മാഭിമാനം തകർത്ത ഇരുണ്ട ഭരണമായി അതിനെ രേഖപ്പെടുത്തും’ -താര അഭിപ്രായപ്പെട്ടു.
