പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

പട്ന ∙ പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമർദനമേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്‌റങി കുമാർ (15) ആണു ദാരുണമായി മരിച്ചത്. അധ്യാപകർ വിദ്യാർഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് നിരവധിതവണ അടിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റിപ്പയറിങ് കടയിൽ നന്നാക്കിയ അമ്മയുടെ ഫോൺ വാങ്ങാനെത്തിയതായിരുന്നു ബജ്‌റങി കുമാർ. ഫോണുമായി മടങ്ങുന്നതിനിടെ ഹാർദിയ പാലത്തിനു കീഴിൽ സുഹൃത്തുക്കളുമൊത്ത് വിദ്യാർഥി പുകവലിച്ചെന്നാണ് ആരോപണം. ബജ്‌റങി പഠിക്കുന്ന സ്വകാര്യ റസിഡൻഷ്യൽ സ്കൂളായ ‘മധുബൻ റൈസിങ് സ്റ്റാർ സ്കൂളിന്റെ’ ചെയർമാൻ വിജയ് കുമാർ യാദവ് ഈ സമീപം അതിലൂടെ കടന്നുപോയി.

കുട്ടികൾ പുകവലിക്കുന്നതു ശ്രദ്ധയിൽപ്പെട്ട വിജയ് കുമാർ അവരോടു ദേഷ്യപ്പെട്ടു. ബജ്‌റങി കുമാ‌റിന്റെ ബന്ധുവായ അധ്യാപകനും ചെയർമാന്റെ കൂടെയുണ്ടായിരുന്നു. ഇദ്ദേഹം ഉടനെ വിദ്യാർഥിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. തുടർന്ന് വിദ്യാർഥിയെ സ്കൂൾ കോംപൗണ്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെവച്ച് ഇയാളും മറ്റ് അധ്യാപകരും ചേർന്നു ക്രൂരമായി മർദിച്ചെന്ന് അമ്മയും സഹോദരിയും ആരോപിക്കുന്നു.

കോംപൗണ്ടിൽവച്ച് കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ വിദ്യാർഥി ബോധരഹിതനായി കുഴഞ്ഞുവീണു. ഉടനെ അടുത്തുള്ള നഴ്സിങ് ഹോമിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെനിന്ന് മുസഫർപുരിലെ മറ്റൊരു ആശുപത്രിയിലേക്കു റഫർ ചെയ്തു. ചികിത്സയ്ക്കിടെ വിദ്യാർഥി മരിച്ചു. ബജ്‌റങി കുമാറിന്റെ കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽനിന്നു ചോരയൊഴുകിയെന്നും ബന്ധുക്കൾ പറഞ്ഞു.

കുട്ടിയെ മർദിച്ചിട്ടില്ലെന്നും പുകവലിച്ച വിവരം വീട്ടുകാർ അറിയുമെന്നു പേടിച്ച് വിഷം കഴിച്ചതാണു മരണകാരണമെന്നും സ്കൂൾ ചെയർമാൻ അവകാശപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ചെയർമാൻ പറഞ്ഞു. 2 മാസം മുൻപാണു ബജ്റങ്ങിക്കു ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. മധ്യവേനലവധിയെ തുടർന്നു വീട്ടിലായിരുന്നു. സ്കൂൾ സീൽ ചെയ്തെന്നും വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *