വളാഞ്ചേരി മർകസിൽ സംഘർഷാവസ്ഥ; സമസ്ത സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ഒരു സംഘം തടഞ്ഞു

മലപ്പുറം: വളാഞ്ചേരി മർകസിൽ സംഘർഷാവസ്ഥ. സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ അടക്കമുള്ളവരെ ഒരു സംഘം തടഞ്ഞു. മർകസിനു കീഴിലെ വാഫി-വഫിയ്യ സ്ഥാപനങ്ങളിലെ സിലബസ് തർക്കമാണ് സംഘർഷത്തിനു കാരണം. ഇന്ന് വൈകീട്ടോടെയാണ് വാഫി-വഫിയ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായെത്തിയത്.

വാഫി-വഫിയ സംവിധാനം നിർത്തലാക്കി ബദലായി സമസ്ത അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കണമെന്ന് ഇന്ന് ചേർന്ന മർകസ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സമസ്ത മുശാവറ അംഗം എം.ടി അബ്ദുള്ള മുസ്ലിയാർ, മർക്കസ് സെക്രട്ടറി ഹംസക്കുട്ടി മുസ്ലിയാർ അടക്കമുള്ളവരെയാണ് മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. രണ്ട് ദിവസം മുമ്പ് വളാഞ്ചേരി മർകസിനെതിരെ വാഫി-വഫിയ വിദ്യാർഥികൾ മറ്റൊരു പരാതി ഉന്നയിച്ചിരുന്നു. പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികളെ മർക്കസ് ക്യാമ്പസിനകത്തേക്ക് കയറാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി. മർക്കസ് അടച്ചിട്ടിരിക്കുകയാണെന്നും ഇപ്പോൾ ക്യാമ്പസിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നുമാണ് അധികൃതർ വിദ്യാർഥികളോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *