ജൈവവൈവിധ്യ കോൺഗ്രസിന് നാളെ കോഴിക്കോടിൽ തുടക്കമാകും
ഫെബ്രുവരി 18 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിന് കോഴിക്കോട് തുടക്കമാകും. ജൈവ വൈവിധ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും. തുടർന്ന് ഫെബ്രുവരി 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തകർ, കർഷകർ, കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജൈവവൈവിധ്യ അവാർഡുകളുടെ വിതരണം,കേരളത്തിലെ ജൈവവൈവിധ്യ പരിപാലന സംഘങ്ങളുടെ സംഗമം, കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് തുടങ്ങിയവയും നടക്കും. ഫെബ്രുവരി 20 ന് സംരക്ഷക കർഷകരുടെ സംഗമം, ജൈവവൈവിധ്യ സാങ്കേതിക സഹായ സംഘങ്ങളുടെ മേഖലാ സമ്മേളനം (തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ) എന്നിവയും നടക്കും. ‘സ്ത്രീശാക്തീകരണം- ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.
പ്രദർശനത്തിൽ ദേശീയ തലത്തിലുള്ള വിവിധ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സഹകരണ സംഘങ്ങൾ തുടങ്ങി ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ പ്രതിനിധികൾ ഒരുക്കുന്ന നൂറ്റിയിരുപത്തിയഞ്ചിൽ പരം സ്റ്റാളുകളും ഉണ്ടായിരിക്കും. സംരക്ഷക കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായിരിക്കുന്നതാണ്. നാടൻ ഭക്ഷണശാല, വിവിധതരം തനത് വിത്തിനങ്ങളും, ഉല്പന്നങ്ങളും തുടങ്ങിയവയും സ്റ്റാളുകളിൽ ഒരുക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾ, ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങി ഏകദേശം മൂവായിരത്തിലധികം പേർ കോൺഗ്രസിൽ പങ്കാളികളാകും. പ്രവേശനം സൗജന്യമായിരിക്കും.
ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കായി ഒരു പൊതുവായ വേദി തുടങ്ങിയവയാണ് ജൈവവൈവിധ്യ കോൺഗ്രസ്സിലൂടെ ലക്ഷ്യമാക്കുന്നത്. ‘ജൈവവൈവിധ്യവും ഉപജീവനവും’ എന്നതാണ് ഇക്കൊല്ലത്തെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ മുഖ്യ പ്രതിപാദ്യ വിഷയം. കോൺഗ്രസ് ഫെബ്രുവരി 20 ന് സമാപിക്കും.