തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേർപ്പെട്ടു

 

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേർപ്പെട്ടു. എറണാകുളം ടാറ്റ നഗർ എക്‌സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേർപ്പെട്ടത്. ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റി. തൃശൂർ-ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ വൈകുന്നു. വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുൻപാണ് ബോഗി വേർ‌പ്പെട്ടത്.

 

 

എഞ്ചിനോട് ചേർന്നുള്ള ബോഗിക്ക് ശേഷമുള്ള ബാക്കി ബോഗികൾ വേർപ്പെട്ട് പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനാൽ വേഗത കുറവായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കിയെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.

 

ഒരു മണിക്കൂറിന് ശേഷമാണ് ബോഗികൾ കൂട്ടിച്ചേർത്ത് ട്രെയിൻ മാറ്റിയത്. ഷൊർണൂരിൽ നിന്നടക്കം റെയിൽവേ ജീവനക്കാരെ എത്തിച്ചാണ് ബോഗികൾ കൂട്ടിഘടിപ്പിച്ചത്. ട്രെയിൻ നിലവിൽ വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലാണ്. കൂട്ടിച്ചേർത്ത ബോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരിക്കും യാത്ര തുടരുക. കൂടാതെ ബോഗി വേർപെടാനുണ്ടായ കാരണം കണ്ടെത്താനായി റെയിൽവേ പ്രാഥമിക പരിശോധന നടത്തും.

 

ബോഗി വേർപ്പെട്ടതിനെ തുടർന്ന് തൃശൂർ-ഷൊർണൂർ റൂട്ടിൽ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് പോയ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം ഒരു മണിക്കൂറലധികം നേരം പിടിച്ചിട്ടു. സമാനമായി നിരവധി ട്രെയിനുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *