ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി നിര്‍ത്താനൊരുങ്ങി കേന്ദ്രം

kerala, Malayalam news, the Journal,

ന്യൂഡല്‍ഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡി അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനക്കും ഊര്‍ജം നല്‍കാന്‍ നടപ്പാക്കുന്ന ‘ഫെയിം’ പദ്ധതി തുടരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം. നേരത്തെ ധനമന്ത്രാലയം പദ്ധതിയെ എതിര്‍ത്തിരുന്നെങ്കിലും മറ്റു വകുപ്പുകളുടെ ആവശ്യത്തെ തുടര്‍ന്ന് സബ്സിഡി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പദ്ധതി പ്രകാരം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ സബ്സിഡി നിരക്ക് കുറച്ചിരുന്നു. ഇത് ആദ്യഘട്ടത്തില്‍ വില്‍പ്പനയെ ബാധിച്ചിരുന്നെങ്കിലും വിപണിയില്‍ വീണ്ടും സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Also Read: വയനാട്ടെ നരഭോജി കടുവ കൂട്ടിലായി; കൊല്ലാനാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

 

പരമ്പരാഗത ഇന്ധനത്തില്‍ നിന്ന് ആളുകള്‍ വൈദ്യുതി വാഹനങ്ങളിലേക്ക് സ്വാഭാവികമായി മാറുമെന്നാണ് അധികൃതരുടെ അഭിപ്രായം. വാങ്ങുമ്പോള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നുണ്ടെങ്കിലും പ്രവര്‍ത്തന – പരിപാലന ചെലവ് കുറവുള്ളതിനാല്‍ ആളുകള്‍ വൈദ്യുതി വാഹനങ്ങള്‍ വാങ്ങിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

നിലവില്‍ ‘ഫെയിം 2’ പദ്ധതി മാര്‍ച്ചോടെ അവസാനിക്കും. പദ്ധതി പ്രകാരം പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ക്കാണ് സബ്സിഡി ആനുകൂല്യം ലഭിച്ചത്. ഇതിനായി സര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഘനവ്യവസായ മന്ത്രാലയം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മറ്റു വകുപ്പുകളുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചിട്ടില്ല എന്നാണ് വിവരം. അതേസമയം, ഇലക്ട്രിക് വാഹന രംഗത്തെ മുന്‍നിരക്കാരായ ടെസ്ല പോലുള്ള വമ്പന്‍ ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ അവതരിപ്പിക്കാനും ഒരുങ്ങവെയാണ് സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കുന്നത്.

വാഹന നിര്‍മാണ കമ്പനികള്‍ പുതിയ മോഡലുകള്‍ അണിയറയില്‍ ഒരുക്കുകയും ചാര്‍ജിങ് സ്റ്റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യുന്നതിനിടെ സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ബാറ്ററിയുടെ കിലോ വാട്ടിന് അനുസരിച്ചായിരുന്നു സബ്സിഡി കണക്കാക്കിയിരുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 10,000 രൂപ വീതമാണ് സബ്സിഡി ലഭിച്ചിരുന്നത്. 2015ലാണ് ഫെയിം പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2019ല്‍ ആരംഭിച്ച ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം 2022ല്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പദ്ധതി 2024 മാര്‍ച്ച് വരെ നീട്ടി. രണ്ടാം ഘട്ടത്തില്‍ കിലോ വാട്ടിന് 15,000 രൂപയായിരുന്നു ആദ്യം സബ്സിഡി നല്‍കിയിരുന്നത്. 2023 ജൂണിലണ് ഇത് 10,000 രൂപയായി കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *