ആരോഗ്യ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി;

മെഡിക്കല്‍ കോളേജിൽ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമായി

ആരോഗ്യ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ ഒന്നാണിത്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ഫാമിലി മെഡിസിനും എമര്‍ജന്‍സി മെഡിസിനും കോഴ്സുകള്‍ ആരംഭിച്ചത് ഇവിടെയാണ്. ഇത്തരം മുന്നേറ്റങ്ങള്‍ കൈവരിച്ച ഈ സ്ഥാപനത്തെ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി പി എം എസ് എസ് വൈ സ്കീമിൽ പ്രവൃത്തി പൂര്‍ത്തീകരിച്ച സര്‍ജിക്കൽ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കാണ് നാടിന് സമര്‍പ്പിക്കപ്പെടുന്നത്. ഇതിൽ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 120 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 76 കോടി രൂപയും ചേര്‍ത്ത് ആകെ 196 കോടി രൂപയാണ് ഈ ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയായി മാറുകയാണ് ഈ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആക്സിഡന്‍റ് ആന്‍ഡ് ട്രോമാ കെയര്‍ വിഭാഗം, 6 സര്‍ജിക്കൽ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയേറ്ററുകള്‍, 10 തീവ്രപരിചരണ യൂണിറ്റുകള്‍, 190 ഐ സി യു കിടക്കകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്തിന്‍റെ ആരോഗ്യമുന്നേറ്റത്തിനു കൂടുതൽ കരുത്തുപകരാന്‍ കോഴിക്കോട് മെഡിക്കൽ കോളേജിനെ പ്രാപ്തമാക്കുന്നതാണ് ഈ സൗകര്യങ്ങളെല്ലാം.
ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളുടെ കാര്യത്തിൽ ലോകം ശ്രദ്ധിക്കുന്ന ഒരിടമാണ് കേരളം. കുറഞ്ഞ ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും നമ്മുടെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. നീതി ആയോഗിന്‍റെ ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിൽ നാം ഗൗരവത്തോടെ സമീപിക്കേണ്ട പല വിഷയങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ. ഇവയെയെല്ലാം ഫലപ്രദമായി നേരിട്ടാൽ മാത്രമേ ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുന്നതിനും കഴിയുകയുള്ളൂ. ഇത് ലക്ഷ്യംവച്ചാണ് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷന്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കുകയും അവയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും താലൂക്ക് – ജില്ലാ ആശുപത്രികളിൽ വരെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയാണ്. അതോടൊപ്പം ജനങ്ങളുടെ ആരോഗ്യം യഥാക്രമം പരിശോധിച്ച് രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കാനും അവ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്താനും സഹായിക്കുന്ന പ്രത്യേക വാര്‍ഷിക പരിശോധനാ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്തരമൊരു മുന്നേറ്റത്തിന് ഏറെ അനിവാര്യമാണ് ആരോഗ്യമുള്ള ജനത. പണമില്ലാത്തതിന്‍റെ പേരിൽ കേരളത്തിലൊരാള്‍ക്കു പോലും ആരോഗ്യ പരിരക്ഷ ലഭിക്കാതെയിരിക്കില്ല. അതിനായി ആരോഗ്യ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും എല്ലാ പൗരന്മാര്‍ക്കും തുല്യമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അങ്ങനെ സാമൂഹ്യ നീതിയിലധിഷ്ഠിതമായ നവകേരളം എന്ന സങ്കൽപം യാഥാര്‍ത്ഥ്യമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ ഊർജസ്വലമായ സഹകരമാണ് ഉള്ളത്. ഇതിന് മികച്ച ഉദാഹരണമാണ് സർജിക്കൽ ബ്ലോക്കിന്റെ പൂർത്തീകരണമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

190 ഐസിയു കിടക്കകൾ ഉൾപ്പെടെ 500 കിടക്കകളുള്ള ഏഴ് നില സൗകര്യം കോഴിക്കോടിന്റെ മാത്രമല്ല സമീപ ജില്ലകളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റും. കേന്ദ്ര സർക്കാർ നിരവധി സംരംഭങ്ങളിലൂടെ കേരള സർക്കാരുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് മാത്രമല്ല, ഇടത്തരക്കാർക്കും പ്രയോജനപ്പെടുന്ന ഈ സംരംഭത്തെ അഭിനന്ദിക്കുന്നതായും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ആരോഗ്യ മേഖലയിൽ മികച്ച മുന്നേറ്റമാണ് സംസ്ഥാനം കൈവരിച്ചുക്കൊണ്ടിരിക്കുന്നതെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചടങ്ങിൽ സ്വാഗതം ആശംസിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ സജ്ജമാക്കിയിരിക്കുന്നത്.
സൂപ്പർ സ്പെഷ്യാലിറ്റി വന്നതോടുകൂടി കോഴിക്കോടും ഇനി കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് സൗകര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

മിൽക്ക് ബാങ്ക് യാഥാർത്ഥ്യമായതോടെ മുലപ്പാൽ ലഭ്യമല്ലാത്ത കുട്ടികൾക്കും പാൽ ഉറപ്പ് വരുത്താൻ കഴിഞ്ഞു. ഉന്നത നിലവാരമുള്ള ലെവൽ ത്രീ ലാബ് പൂർത്തീകരണ ഘട്ടത്തിലാണ്. ലാബ് യാഥാർത്ഥ്യമാകുന്നതോടെ നിപ്പ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ തന്നെ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം, മികച്ച ചികിത്സാ സേവനങ്ങൾ, ഗുണനിലവാരമുള്ള അക്കാദമിക് കേന്ദ്രങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസത്തിനായി പി ജി, യു ജി ഉൾപ്പെടെയുള്ള കോഴ്സുകൾ തുടങ്ങി നിരവധി നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവൻ എം.പി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി എ റഹീം, കാനത്തിൽ ജമീല, കെ കെ രമ, അഡ്വ.കെ.എം സച്ചിൻ ദേവ്, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം ആരോഗ്യമന്ത്രി വീണ ജോർജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സന്ദർശിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കാനത്തിൽ ജമീല എം എൽ എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *