‘മുഖ്യമന്ത്രിയുടെ പ്രവർത്തനവും പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി’; സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം
കാസര്‍കോട്: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും രൂക്ഷവിമർശനം. പിണറായി വിജയന്‍റെ പ്രവർത്തനവും പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി. എം.വി ഗോവിന്ദന്‍റെ സൗമ്യ മുഖം നഷ്ടമായി. തദ്ദേശസ്ഥാപനങ്ങളിലെ നികുതി വർധന ജനങ്ങൾക്ക് ഭാരമായി. ഇ.പി ജയരാജന്‍റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും വിമർശനം ഉയർന്നു.
അതിനിടെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനങ്ങൾ തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. കോവിഡ് കാലത്തുൾപ്പെടെ പൊലീസ് നടത്തിയത് മാതൃകാപരമായ പ്രവർത്തനമെന്നും ഒറ്റപ്പെട്ട പാളിച്ചകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും ന്യായീകരണം.
ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ഉൾപ്പെടെ പഠിക്കാൻ എം.സ്വരാജിന് ചുമതല നൽകി. ഇ.പി ജയരാജൻ പ്രവർത്തനത്തിൽ അലംഭാവം കാണിച്ചതിലാണ് നടപടി. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുത്തെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജില്ലാ സമ്മേളനം തൊടുപുഴ നഗരത്തിൽ പോലും യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നും വിമർശനം. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.