സിറിയയിലെ ആഭ്യന്തര യുദ്ധം; രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെക്കുറിച്ച് സൂചനകളില്ല
സിറിയയിലെ ആഭ്യന്തര യുദ്ധം അതിന്റെ ഉച്ചസ്ഥായിയിലാണ്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് വിമതർ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദിനെപ്പറ്റി സൂചനകളില്ല. പ്രസിഡന്റിന്റെ കൊട്ടാരം വിമതർ കൊള്ളയടിക്കുന്നതിന്റെയും പ്രസിഡന്റിന്റെ പ്രതിമ തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അസദ് രാജ്യം വിട്ട വിമാനം വെടിവച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രാജ്യം വിട്ടതിന് പിന്നാലെ ബഷാർ അൽ അസദിനന്റെ കൊട്ടാരം കൊള്ളയടിക്കപ്പെട്ടു. പ്രസിഡന്റ് ബഷാർ അൽ അസദിന്റെയും പിതാവ് ഹാഫിസ് അൽ അസദിന്റെയും പ്രതിമകൾ തകർക്കപ്പെട്ടു. വിമതസംഘമായ എച്ച് ടി എസ് ദമാസ്‌കസിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് എവിടെയെന്നതിനെപ്പറ്റി സൂചനകളില്ല. അസദിന്റെ വിമാനം വെടിവച്ചിട്ടതായും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സിറിയയിലുള്ള റഷ്യൻ സൈന്യത്തിന് നിലവിൽ ഭീഷണിയില്ലെന്ന് റഷ്യ അറിയിച്ചു.
ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസദിന്റെ പലായനത്തെ തുടർന്ന് ദമാസ്‌കസിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു. ബഷാർ അൽ അസദിന്റെ അടിച്ചമർത്തൽ നടപടികളെ തുടർന്ന് രാജ്യം വിട്ട പലരും തിരിച്ചെത്താനുള്ള നീക്കത്തിലാണ്.
13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷമാണ് അൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിന് സിറിയയിൽ അന്ത്യമായത്. 1971ൽ സിറിയയിൽ അധികാരത്തിലേറിയ പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധനായ ബഷർ അൽ അസദ് സിറിയൻ പ്രസിഡന്റാകുന്നത്. അറബ് വസന്തത്തെ തുടർന്ന്, സിറിയയിൽ 2011 മാർച്ചിലാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രാജിയ്ക്കായുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമായത്.