തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

 

തിരൂർ: മലപ്പുറം തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. ആലത്തിയൂർ പൊയ്ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോക്ടറെ കാണാൻ ഏപ്രിൽ 18ന് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ ഡോക്ടർ എഴുതിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്ന് മാറി നൽകുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

 

പേശികൾക്ക് അയവ് വരാൻ നൽകുന്ന മിർട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാൻസർ രോഗികൾക്ക് നൽകുന്ന മെക്സ്റ്റി 7.5 എന്ന ഗുളികയാണ് മാറി നൽകിയത്. ഈ ഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു.

 

ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതോടെ നേരത്തെ കാണിച്ചിരുന്ന ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നൽകിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഡി.എം.ഓ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവർക്കുൾപ്പെടെ പരാതി നൽകി നിയമപരമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *