എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയില്ല. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് തിങ്കളാഴ്ച ഉച്ചക്കാണ്. ഡിജിപി റാങ്കിലുള്ളയാൾ അന്വേഷിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അന്വേഷണം പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും സർക്കാർ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല.ADGP
സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചുകുലുക്കിയ പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങളിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയത്തെ പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പുഴുക്കുത്തുകളെ സേനയ്ക്ക് ആവശ്യമില്ലെന്നും താക്കീത് നല്കി. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കേണ്ടവരാന്ന് പൊലീസെന്നും പിണറായി ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച വേദിയിൽ ഡിജിപി ഷെയ്ഖ് ദർബേശ് സാഹിബും സന്നിഹിതനായിരുന്നു.
അതേസമയം, ചുമതലകളില്‍നിന്നും മാറിനില്‍ക്കുമെന്ന് അജിത് കുമാര്‍ കോട്ടയത്ത് നടന്ന സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. സമ്മേളനത്തിൽ താൻ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അജിത് കുമാർ എണ്ണിയെണ്ണിപ്പറഞ്ഞു. ഇനിയിതൊന്നും പറയാൻ കഴിഞ്ഞേക്കില്ലെന്ന മുഖവുരയോടെയായിരുന്നു എഡിജിപിയുടെ പ്രസംഗം.
തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് താൻ തന്നെ കത്ത് നൽകിയെന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റവരിയിലായിരുന്നു എഡിജിപിയുടെ മറുപടി. അതേസമയം മാറിനിൽക്കുമോയെന്ന ചോദ്യത്തിന് അജിത് കുമാർ മറുപടി നൽകിയില്ല.