ഗസ്സയുടെ 80 ശതമാനം പ്രദേശങ്ങളും തടഞ്ഞ് ഇസ്രായേൽ സൈന്യം
ദുബൈ: ദോഹയിൽ വ്യാഴാഴ്ച വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനിരിക്കെ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിലും മറ്റും കൂടുതൽ ഉള്ളോട്ടു കയറിയ ഇസ്രായേൽ കവചിത വാഹനങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ഗസ്സയുടെ എൺപതു ശതമാനം പ്രദേശങ്ങളും ഇസ്രായേൽ സേന തടഞ്ഞതായി യു.എൻ വ്യക്തമാക്കി.
പോളിയോ ഉൾപ്പെടെ രോഗങ്ങൾ പടരുന്നതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട സംഘം ഗസ്സ സന്ദർശിക്കും. മലിനജലം കുടിക്കാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അതിനിടെ, വ്യാഴാഴ്ച ദോഹയിൽ ആരംഭിക്കുന്ന വെടിനിർത്തൽ ചർച്ച വിജയത്തിൽ എത്തുമെന്നാണ് കരുതുന്നതെന്ന് അമേരിക്ക ആവർത്തിച്ചു. ബന്ദികളുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ നടപ്പാകും എന്ന സൂചന നൽകി. എന്നാൽ, ഏതുവിധത്തിലും വെടിനിർത്തൽ അട്ടിമറിക്കാനാണ് നെതന്യാഹുവിന്റെ നീക്കമെന്ന് ഹമാസ് ആരോപിച്ചു.
അമേരിക്കയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനത്തിന് കരാർ നടപ്പാക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
അമേരിക്കൻ കോൺഗ്രസിനു മുമ്പാകെ ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജൂതവിഭാഗത്തിൽ പെട്ടവർ പ്രതിഷേധിച്ചു. ഇസ്രായേലിനുള്ള ആയുധ കയറ്റുമതി അമേരിക്ക നിർത്തണമെന്നും പ്രക്ഷോഭകർ പറഞ്ഞു. സുരക്ഷാ വിഭാഗം ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്താക്കിയത്. യു.എസ് കോൺഗ്രസിന്റെ ഇരുസഭകളെയും നെതന്യാഹു അഭിസംബോധന ചെയ്യാനിരിക്കെയാണ് പ്രതിഷേധം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ മധ്യസ്ഥതയിൽ ബീജിങിൽ മൂന്നുദിവസം നീണ്ട ചർച്ചകളിലൂടെ ഐക്യകരാറിൽ എത്തിയ ഫലസ്തീൻ കൂട്ടായ്മകൾക്ക് പിന്തുണയുമായി തുർക്കിയും നിരവധി അറബ് മുസ്ലിം രാജ്യങ്ങളും രംഗത്തുവന്നു. ഗസ്സയിൽ ഐക്യസർക്കാറിന് രൂപം നൽകുകയാണ് കരാറിലെ പ്രധാന തീരുമാനം.
കുഞ്ഞുങ്ങളോടുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരതക്ക് തെളിവുമായി അമേരിക്കൻ വംശജനായ ജൂത ഡോക്ടറുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചു. ഇസ്രായേൽ അധിനിവേശ സ്‌നൈപ്പർമാർ ഗസ്സയിൽ കുട്ടികളെ നെഞ്ചിലും തലയിലും മനഃപൂർവം വെടിയുതിർത്ത് കൊല്ലുന്നതായാണ് സി.ബി.എസ് ന്യൂസ് ബ്രോഡ്‌കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ മാർക്ക് പേൾമുട്ടർ വെളിപ്പെടുത്തിയത്.