അമ്മയുടെ മടിയിലിരുന്ന അഞ്ച് വയസുകാരിയുടെ മുഖത്ത് വെടിവെച്ച് ഇസ്രായേൽ സൈന്യം
ഗസ സിറ്റി: ഉമ്മയ്ക്കൊപ്പം വടക്കൻ ഗസയിലേക്ക് മടങ്ങുന്നതിനിടെ അഞ്ചു വയസുകാരിയെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം. യുദ്ധക്കെടുതിയെ തുടർന്ന് വീടും കളിപ്പാട്ടങ്ങളുമെല്ലാം ഉപേക്ഷിച്ചിറങ്ങിയ സാലി അബു ലൈല എന്ന അഞ്ച് വയസുകാരി സഹോദരിമാരോടും ഉമ്മയോടുമൊപ്പം ആഹ്ലാദത്തോടെ തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത.
https://www.facebook.com/share/r/xLsMHN1yPe2zmDy6/?mibextid=qi2Omg
ചേതനയറ്റ മകളുടെ ശരീരം കെട്ടിപ്പിടിച്ച് ഉമ്മ വിതുമ്പുന്ന ദൃശ്യങ്ങൾ ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ ആറ്റിയ ഡാർവിഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.വടക്കൻ ഗസയിലേക്ക് മടങ്ങാൻ ശ്രമിച്ച നൂറുകണക്കിന് ഫലസ്തീനികൾക്കൊപ്പമായിരുന്നു കുടുംബം. സ്വന്തം വീടുകളിലേക്കും നാടുകളിലേക്കും പോകാൻ ശ്രമിച്ച നിരവധി പേർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ സൈന്യത്തെ കണ്ട് പേടിച്ചുപോയ അവളെ ചേർത്ത് പിടിച്ച് നിൽക്കുന്നതിനിടയിലാണ് വെടിയുണ്ട മകളുടെ മുഖം തുളച്ചതെന്ന് കണ്ണീരോടെ അമ്മ സബ്രീൻ പറഞ്ഞു. സബ്രീൻ തന്റെ നാല് മക്കൾക്കൊപ്പം ചെക്ക് പോയന്റിലെത്തിയപ്പോഴാണ് സൈന്യം വെടിയുതിർത്തത്.
‘ഞാൻ എന്റെ മകളെ നിലത്ത് കിടത്താൻ ശ്രമിച്ചു, പക്ഷേ അവൾക്ക് അനങ്ങുന്നുണ്ടായിരുന്നില്ല. എന്റെ കൈകൾ അപ്പോഴേക്കും ചോരയിൽ കുളിച്ചു, ഞാൻ അവളെ തട്ടി വിളിച്ചു, പക്ഷേ അവൾക്ക് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല’ സബ്രീൻ പറഞ്ഞു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുദ്ധക്കെടുതിയെ തുടർന്ന് വീട് വിട്ടിറങ്ങിയവരെ വടക്കൻ ഗസയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേഇ സൈന്യം.