മന്ത്രിസഭ യോഗത്തിൽ ഉയർന്ന ‘എതിർശബ്ദം’ കനപ്പിക്കാൻ കെ.സി പക്ഷം

തിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ, കൂടിയാലോചനയില്ലാതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ശൈലിക്കെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസിലെ കെ.സി. വേണുഗോപാൽ പക്ഷം. മന്ത്രിസഭ യോഗത്തിലുണ്ടായ തർക്കങ്ങൾ പുറത്തുവന്നതും ചർച്ചയായതും മുഖ്യമന്ത്രിയുടെ ശൈലി തിരുത്തിക്കാനും നിയന്ത്രിക്കാനുമുള്ള വഴിതെളിക്കുന്നതാണെന്നാണ് ഇവരുടെ വിലയിരുത്തൽ. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യേണ്ടവയിലെ തീരുമാനം, ബന്ധപ്പെട്ട ഫോറങ്ങളിലെയെല്ലാം ധാരണയോടെയായിരിക്കണം മുഖ്യമന്ത്രിയും സർക്കാറും സ്വീകരിക്കേണ്ടതെന്നും ഇതിൽ നിന്നുള്ള വ്യതിചലനമാണ് ഉണ്ടായതെന്നും ഇവർ വിലയിരുത്തുന്നു.

എന്നാൽ, സർക്കാറിൽനിന്ന് നേരിടുന്ന അവഗണന ഹൈകമാൻഡിനെ അറിയിക്കണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ് അനുകൂലികൾ. ബോർഡ്/കോർപറേഷൻ, പി.എസ്.സി, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളിലൊന്നും പ്രാതിനിധ്യമുണ്ടായില്ലെന്നും മറ്റുമാണ് ഇവരുടെ പരാതി. മുകൾ തട്ടിൽ നടക്കുന്ന ചർച്ചകളിൽ എ ഗ്രൂപ്പിനെ പങ്കാളികളാക്കുന്നില്ലെന്നും പരാതിയുണ്ട്.

എന്നാൽ, കൂടിയാലോചനയില്ലാതെ തീരുമാനങ്ങളിലേക്ക് പോകാനാകില്ലെന്ന വാദം ശക്തിപ്പെടുത്തി മുഖ്യമന്ത്രിയെ നിയന്ത്രിക്കുകയും അതോടൊപ്പം അർഹമായ പദവികളിൽ പിടിമുറുക്കലും ഇതുവഴി കെ.സി പക്ഷം ലക്ഷ്യമിടുന്നു. മന്ത്രിസഭ യോഗത്തിൽ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി കൊണ്ടുവന്നപ്പോൾ, ഇത് എവിടെ ചര്‍ച്ച ചെയ്തു തീരുമാനിച്ചതാണെന്ന ചോദ്യം ഉയർത്തിയത് കെ.സി പക്ഷത്തെ പ്രബലനായ മന്ത്രി എ.പി. അനിൽകുമാറാണ്. വൈദ്യുതി കരാർ വിവാദത്തിൽ വകുപ്പ് മന്ത്രി കൂടിയായ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെ മറികടന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തെന്ന വിവാദം പുകയുന്നതിനിടെയാണ് പി.എസ്.സി, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ പട്ടികകളിലെ തർക്കം.

മന്ത്രിസഭ യോഗത്തിൽ എതിരഭിപ്രായ വെടിപൊട്ടിയതോടെ, ഇനിയങ്ങോട്ട് ‘ഒറ്റയാൻ തീരുമാനങ്ങൾ’ എളുപ്പമാകില്ലെന്ന സന്ദേശം കൂടിയാണ് കെ.സി പക്ഷം നൽകുന്നത്. പാർട്ടിയറിയാതെ തീരുമാനങ്ങളെടുക്കാൻ അനുവദിക്കില്ലെന്ന സൂചനയാണ് വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭ യോഗത്തിൽ സ്വീകരിച്ച നിലപാടിലൂടെയും വ്യക്തമാകുന്നത്. പല തീരുമാനങ്ങളും താൻ അറിയുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

എന്നാൽ, ആറുമാസം കൊണ്ട് സർക്കാർ എത്തിപ്പിടിച്ച നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതാണ് അനാവശ്യ തർക്കങ്ങളെന്ന നിലപാടിലാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവർ. മന്ത്രിസഭ യോഗത്തിൽ തർക്കമുണ്ടായെങ്കിലും പി.എസ്.സി പട്ടികയുടെ കാര്യത്തിൽ മുഖ്യമന്ത്രി ലക്ഷ്യമിട്ടത് മന്ത്രിസഭയിൽ നടപ്പാക്കാനായെന്നും ഇവർ വിലയിരുത്തുന്നു. പാർട്ടിതലത്തിലെ ചർച്ചകൾക്ക് തടസ്സം മുഴുവൻസമയ കെ.പി.സി.സി അധ്യക്ഷൻ ഇല്ലാത്തതാണെന്ന വിലയിരുത്തലും ഇവർക്കുണ്ട്. പാർട്ടി നേതൃത്വത്തിലുള്ളവരെല്ലാം മന്ത്രിസഭയിലുണ്ടെന്നും ഞങ്ങൾ കൂടിയാലോചിച്ചാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള പ്രതിരോധം മന്ത്രിസഭാ യോഗത്തിലെ തർക്കത്തോടെ ഇനി നിരത്താനാകില്ല.