മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു.
33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്.
യുഡിഎഫിലെ 14 അംഗങ്ങളും ഭരണപക്ഷത്തെ പിന്തുണച്ചിരുന്ന ലീഗ് വിമതനും മാത്രമാണ് യോഗത്തിനെത്തിയിരുന്നത്.
മുക്കത്ത് പുതുതായി വന്ന ബിവറേജ് ഔട്ട്‌ലെറ്റിന് നഗരസഭ കൗൺസിൽ യോഗം ചേരാതെ അനുമതി നൽകിയതിൽ ഭൂരിപക്ഷ അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോയത്.
33 അംഗ കൗൺസിലിൽ 17 പേർ പങ്കെടുത്ത് ക്വാറം തികഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കു എന്നിരിക്കെ, ബി.ജെ. പിയുടെ രണ്ട് അംഗങ്ങളും, എൽ. ഡി. എഫ് അംഗങ്ങൾക്കൊപ്പം യോഗത്തിൽ നിന്ന് വിട്ട് നിന്നതോടെ ക്വാറം തികയാതെ വന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തെ സി. പി. എം ഭരണസമിതി മറികടന്നത്.
ഇരുമുന്നണികൾക്കും തുല്യ അംഗങ്ങളുള്ള നഗരസഭയിൽ, ലീഗ് വിമതനായിരുന്ന മജീദ് ബാബുവിന്റെ പിന്തുണയോടെയാണ് എൽ. ഡി. എഫ് ഭരിച്ചിരുന്നത്
മജീദ് ബാബു യു. ഡി.എഫിന് പിന്തുണ നൽകുകയും, ഒരു സി. പി. എം മെമ്പർ വിദേശത്തേക്ക് ജോലിക്ക് പോവുകയും ചെയ്തതോടെ ഇടത്പക്ഷത്തിന് കൗൺസിലിൽ 14 പേരുടെയും, യു. ഡി. എഫിന് 16 പേരുടെയും പിന്തുണയാണുള്ളത്.