ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്‌മർ ഇനി അൽ ഹിലാലിൻ്റെ താരം
ബ്രസീൽ സൂപ്പർ താരം നെയ്‌മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്നാണ് നെയ്‌മർ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നെയ്‌മർ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോകാൻ തീരുമാനിച്ചത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു.
രണ്ട് വർഷത്തേക്കാണ് അൽ ഹിലാലിൽ നെയ്‌മറിൻ്റെ കരാർ. 100 മില്ല്യൺ ഡോളർ ട്രാൻസ്ഫർ ഫീ നൽകിയാണ് നെയ്‌മറെ അൽ ഹിലാൽ പിഎസ്ജിയിൽ നിന്ന് സ്വന്തമാക്കിയത്.
2017ലാണ് നെയ്മർ ബാർസയിൽ നിന്ന് പിഎസ്ജിയിലേക്ക് റെക്കോർഡ് ട്രാൻസ്ഫറിലൂടെ എത്തുന്നത്. 243 മില്യൺ ഡോളറായിരുന്നു ട്രാൻസ്ഫർ തുക. ബാഴ്സലോണയ്ക്കായി കളിച്ച 186 മത്സരങ്ങളിൽ നിന്ന് നെയ്മർ 181 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ടാണ് പണമെറിഞ്ഞ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാൽ, കവാനി എംബാപ്പെ എന്നിവരുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് നെയ്മർ ക്ലബിൽ നിന്ന് അകലാൻ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
സീസണിലെ ട്രാൻസ്ഫർ മാർക്കറ്റിൽ ഒട്ടേറെ വമ്പൻ താരങ്ങളെ അൽ ഹിലാൽ ക്ലബിലെത്തിച്ചിരുന്നു. റൂബൻ നെവെസ്, സെർജി മിലിങ്കോവിച്ച്-സാവിച്, മാൽകോം, കലിദൂ കൗലിബാലി തുടങ്ങി യൂറോപ്യൻ താരങ്ങളൊക്കെ നിലവിൽ അൽ ഹിലാലിൻ്റെ താരങ്ങളാണ്.