‘കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല; ഒരു കുട്ടിയേയും പുറന്തള്ളുക എന്നത് നയമല്ല’; വി ശിവന്‍കുട്ടി

'The problem cannot be solved by punishing children; it is not a policy to expel any child'

 

പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉണ്ടെന്നും അതില്‍ അപൂര്‍വ്വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ പൊതുപ്രവണതയായി ഈ ഘട്ടത്തില്‍ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

 

അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിര്‍ന്നവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല.
അതാണ് ഓരോ സമൂഹത്തിന്റെയും പരിവര്‍ത്തനങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത്. കുട്ടികള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികള്‍ ഈ പ്രായത്തില്‍ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങള്‍ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട് – അദ്ദേഹം വിശദമാക്കി.

വിദ്യാഭ്യാസം പരീക്ഷയുടെ വിജയമായി മാത്രം പരിമിതപ്പെടുത്തരുത്. ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന പല ദൃശ്യങ്ങളിലും കാണുന്ന അക്രമ രംഗങ്ങള്‍ കുട്ടികളില്‍ എന്ത് സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളുടെ മന:ശാസ്ത്രം കൂടി പരിഗണിച്ച് പഠിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും വൈകാരിക പ്രകടനങ്ങള്‍ അടക്കം പരിഗണിച്ചുകൊണ്ട് സ്‌കൂള്‍ സംവിധാനത്തിനകത്ത് മെന്ററിംഗ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു.ഇത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കുട്ടികളെ ശിക്ഷിച്ച് മാത്രം പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍. എന്നാല്‍ ഇക്കാര്യം നമ്മള്‍ അഭിമുഖീകരിച്ചേ പറ്റൂ. ഇതിനുള്ള സാമൂഹിക അന്തരീക്ഷം വളര്‍ത്തി എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ വേണ്ടതുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ഈ സാഹചര്യത്തിലാണ് എല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് – മന്ത്രി പറയുന്നു.

ഒരു കുട്ടിയേയും പുറന്തള്ളുക എന്നുള്ളത് നമ്മുടെ നയമല്ലെന്നും ചേര്‍ത്ത് പിടിക്കലാണ് സംസ്‌കാരമെന്നും വി ശിവന്‍കുട്ടി പറയുന്നു. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ പ്രഥമ ശ്രേണിയില്‍ എത്തിയത് ഈ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *