മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു

Thanneer Komban died

വയനാട്: മാനന്തവാടിയിൽ നിന്ന് പിടൂകൂടിയ തണ്ണിർക്കൊമ്പന്‍ ചരിഞ്ഞു. ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്.കര്‍ണാടക വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു. നടുക്കമുണ്ടാക്കുന്ന വാര്‍ത്തയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നടപടി ക്രമങ്ങളെല്ലാം സുതാര്യമായിരുന്നു. ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോസ്റ്റുമോർട്ടം നടത്തുമെന്നും മരണകാരണം വിദഗഗ്ദ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു പിടികൂടിയത്. 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീർ കൊമ്പനെ തളച്ചത്. പിടിയിലായ കൊമ്പനെ കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടിൽ ആദ്യം കാട്ടാനയെ കണ്ടത്. ജനവാസ മേഖലയിലൂടെ ഏറ നേരം സഞ്ചരിച്ച ആന, പുഴ മുറിച്ചുകടന്ന് മാനന്തവാടി നഗരത്തിലെത്തി. ഏഴരയോടെ കെ എസ് ആർ ടി സി ഗ്യാരേജിന് സമീപവും 7.50 ന് ന്യൂമാൻസ് കോളേജിന് സമീപവും കണ്ട കാട്ടാന 8 മണിയോടെ താലൂക്ക് ഓഫീസ് പരിസരത്തെത്തി. ഒമ്പത് മണിയോടെ മാനന്തവാടി താഴെ അങ്ങാടിയിലെ പോലീസ് സ്റ്റേഷന് സമീപത്തെ വാഴത്തോട്ടത്തിൽ ആന നിലയുറപ്പിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണെന്ന് തിരിച്ചറിഞ്ഞതോടെ വനപാലകർ കർണാടക വനം വകുപ്പുമായി ബന്ധപ്പെട്ടു. ഇതോടെയാണ് ജനുവരി 16ന് കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹള്ള വനമേഖലയിൽ തുറന്നുവിട്ട തണ്ണീർ കൊമ്പൻ എന്ന കാട്ടാനയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. മയക്കുവെടിവെക്കാനുള്ളശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ നാടകീയ രംഗങ്ങൾക്കാണ് പ്രദേശം സാക്ഷിയായത്.

വൈകുന്നേരം അഞ്ചരയോടെ ആനയെ ആദ്യ മയക്കുവെടി വെച്ച വനപാലകസംഘം, അരമണിക്കൂറിനകം അടുത്ത ഡോസും നൽകി. മയങ്ങിത്തുടങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൻ കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *