ടാറ്റൂ അതുതന്നെ; മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്

 

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് ഇന്നലെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുറുവാ സംഘാംഗം സന്തോഷ് ശെൽവമെന്ന് ഉറപ്പിച്ച് പൊലീസ്. ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു.

 

അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല. ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് തമിഴ്നാട്ടിൽ നിന്നാണ്. എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘങ്ങളെന്നാണ് പൊലീസിന്റെ നിഗമനം.

 

നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. പിടികൂടുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടോടിയ ഇയാളെ പൊലീസ് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കുണ്ടന്നൂരിൽ കുറുവാ സംഘാംഗങ്ങൾ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് എറണാകുളത്തെത്തി ഇവരെ പിടികൂടിയത്. ഇതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ സന്തോഷ് കൈവിലങ്ങുമായി പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടിയത്.

 

സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുറുവാ സംഘാംഗങ്ങൾ പൊലീസിനെ ആക്രമിച്ച് ഇയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ഒടുവിൽ രക്ഷപ്പെട്ടോടിയതിന് സമീപത്തുനിന്ന് തന്നെ ഇയാളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

 

ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതിന് രണ്ടുപേരെ മരട് പൊലിസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്റെ അമ്മ പൊന്നമ്മ, ഭാര്യ ജ്യോതി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, വടക്കൻ പറവൂരിൽ കുറുവ സംഘമെത്തിയെന്ന സംശയത്തെ തുടർന്ന് ആലുവ പൊലിസ് ജാഗ്രതാനിർദേശം പുറത്തിറക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *